DAKF

DAKF WEBSITE

സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം നയരേഖ

2022 സെപ്തംബർ 3,4 തീയ്യതികളിൽ ഇ.എം.എസ് അക്കാദമിയിൽ നടന്ന ശില്പശാലയിലൂടെ രൂപപ്പെടുത്തിയത്.

അറിവ് എന്തുകൊണ്ട് സ്വതന്ത്രമാകണം

1. ജീവിതോപാധികൾ കണ്ടെത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പ്രകൃതിയുമായുള്ള ഇടപഴകലിലൂടെയാണ് മനുഷ്യർ അറിവ് സ്വായത്തമാക്കുന്നത്. ഉപജീവനത്തിനായുള്ള അദ്ധ്വാനം ലഘൂകരിക്കുന്നതിനായി അറിവു് എല്ലാക്കാലത്തും ഉപയോഗിച്ചിരുന്നു. അദ്ധ്വാനത്തിലൂടെ തന്നെയാണു് അദ്ധ്വാനശേഷി (സൃഷ്ടിപരമായ കഴിവു്) വർദ്ധിപ്പിക്കുന്ന അറിവുകൾ നേടിയിരുന്നതു്. സമ്പത്തു് സൃഷ്ടിക്കാനുള്ള ഉപാധികളായ ഇവ രണ്ടും മനുഷ്യസമൂഹത്തോടൊപ്പം തന്നെ വളർന്നു് വികസിച്ചു. അറിവിന്റേയും അദ്ധ്വാനത്തിന്റേയും പാരസ്പര്യത്തിലൂടെ രൂപപ്പെടുന്ന സമ്പത്തിനു് ആനുപാതികമായാണു് സാമൂഹ്യ പുരോഗതിയും ഉണ്ടായതും ഉണ്ടാകുന്നതും.
2. ഒരിക്കൽ രൂപപ്പെട്ടു് കഴിയുമ്പോൾ അറിവു്, ആപേക്ഷികമായി, സ്വതന്ത്രമായ അസ്തിത്വം കൈവരിക്കുന്നു. അറിവുപയോഗിച്ചുള്ള മാനസികാദ്ധ്വാനത്തിൽ നിന്നുതന്നെ പുതിയ അറിവു് സൃഷ്ടിക്കാൻ കഴിയുന്നു. ഇതു് മൂലം അദ്ധ്വാനമല്ല, അറിവു് മാത്രമാണു് സൃഷ്ടിയുടെ ഉപാധിയെന്ന തോന്നലുണ്ടാക്കുന്നു. പക്ഷെ, അദ്ധ്വാനശേഷിക്കു് വഴങ്ങാത്ത അറിവിന് സാമൂഹ്യ പ്രസക്തിയില്ല. പ്രയോഗിക്കപ്പെടാത്ത അറിവുകൾക്ക് മൂല്യവുമില്ല.
3. അദ്ധ്വാനശേഷിക്കു് സ്വതന്ത്രമായി അറിവുപയോഗിക്കാൻ കഴിയുന്ന വ്യവസ്ഥയാണു് സാമൂഹ്യ പുരോഗതിയ്ക്കാവശ്യം. അദ്ധ്വാനശേഷിക്കും അറിവിനും മേലുള്ള എല്ലാത്തരം നിയന്ത്രണങ്ങളും സാമൂഹ്യപുരോഗതി തടയുന്നതാണു്.
4. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയും, പാശ്ചാത്യലോകത്തിന്റെയും കഴിഞ്ഞ രണ്ടായിരം വർഷത്തെ ശാസ്ത്ര, സാങ്കേതിക, സാമൂഹ്യ വികാസങ്ങളുടെ ചരിത്രം പരിശോധിച്ചാൽ ഇത് വ്യക്തമാകും. ചാതുർവർണ്യത്തിന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുണ്ടായിരുന്ന മേൽകൈ ഇവിടെ ജനങ്ങളെ വിവിധ തട്ടിലാക്കുകയും, അറിവിന്റെ സ്വതന്ത്രമായ പങ്കുവെക്കൽ തടയുകയും ചെയ്യുന്നു. ഇതിന്റെ പ്രത്യാഘാതം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിലും വളരെ പ്രകടമാണ്.
5. ആധുനിക കാലഘട്ടത്തിൽ അറിവിന് വളരെ വളർച്ചയും ഗുണമേന്മയുമുണ്ടായി. ഉല്പാദനത്തിന്റെ എല്ലാ മേഖലകളിലും അറിവിനും വിവരത്തിനും പ്രമുഖ സ്ഥാനം കവന്നു. ഉല്പാദനരംഗത്തു് അറിവിന്റെ പങ്കു് വർദ്ധിച്ചതോടുകൂടി, ഭൗതിക ഉല്പന്നങ്ങള്‍ക്കു പകരം ബൗദ്ധിക സേവനങ്ങളെ തന്നെ വ്യാപകമായി വിറ്റ് ലാഭം കൂട്ടാനുള്ള ശ്രമങ്ങൾ കമ്പോളശക്തികൾ വ്യാപകമാക്കി. ഇതിന്റെയൊക്കെ ഗുണം അനുഭവിക്കുന്ന ഒരു വിഭാഗം, അറിവിനു് ചോദ്യം ചെയ്യപ്പെടാത്ത ദിവ്യമായ ഒരു സ്ഥാനം നൽകി. അറിവിനോടും, അതിലൂടെ രൂപപ്പെട്ട ആധുനിക സാങ്കേതിക വിദ്യകളോടും കൈകൊള്ളുന്ന ഈ കേവല സമീപനം, അറിവിന്റെ ചരിത്രപരമായ വികാസത്തെ കാണാതെ പോകുന്നു.
6. ആധുനിക അറിവുപയോഗിക്കുന്ന തൊഴിലാളികൾ അദ്ധ്വാനം വില്ക്കുന്നവരല്ലാതായിരിക്കുന്നുവെന്നും, ഉല്പാദനോപാധിയായ അറിവു് വ്യക്തികളുടെ ബുദ്ധിയിലാണെന്നതിനാൽ, അവർ തന്നെ സ്വതന്ത്ര ഉല്പാദകരായി മാറുകയാണെന്നും, ബോധപൂർവ്വമായ രാഷ്ട്രീയ ഇടപെടലില്ലാതെ തന്നെ സാമൂഹ്യമാറ്റം സാദ്ധ്യമാകുമെന്നും ഒരു കൂട്ടം ചിന്തകർ വാദിക്കുന്നുണ്ടു്. ആധുനിക അറിവു തൊഴിലാളികളെ കേന്ദ്രസ്ഥാനത്തു് പ്രതിഷ്ഠിക്കുന്ന ഇത്തരം വാദഗതികൾ, അറിവിനെയും, വിവരത്തേയും സംസ്കൃതവും അസംസ്കൃതവുമായ ചരക്കുകൾ മാത്രമായിട്ടാണു് കാണുന്നതു്. കമ്പോളശക്തികളുടെ അറിവിനോടുള്ള സമീപനത്തിൽ നിന്നും കാതലായ വ്യത്യാസം ഇത്തരം വാദഗതികളിൽ കാണുന്നില്ല.
7. അറിവു് നേടൽ (പഠിക്കൽ), പ്രയോഗിക്കൽ (ഉപയോഗിക്കൽ), മെച്ചപ്പെടുത്തൽ (കൂട്ടിച്ചേർക്കൽ), തിരിച്ചു നൽകൽ (പങ്കുവെക്കൽ) എന്നീ ഘട്ടങ്ങളിലൂടെയാണ് ശാസ്ത്രീയമായ അറിവുകൾ പൊതുവെ രൂപപ്പെടുന്നത്. ഈ ഘട്ടങ്ങളിലൊക്കെ പലതരം വൈരുദ്ധ്യങ്ങളുടെ ഐക്യവും സംഘട്ടനവും നടക്കുന്നുണ്ടു്. അറിവിന്റെ സ്വതന്ത്രമായ പങ്കുവെക്കണമെന്ന നിലപാടും, എന്നാൽ അത്തരം പങ്കുവെപ്പു്, ഉല്പാദനത്തിനായുള്ള നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്നുമുള്ള നിലപാടും ഇത്തരം വൈരുദ്ധ്യങ്ങളെ വ്യക്തമായി വരച്ചുകാട്ടുന്നുണ്ടു്.
8. ഏതൊരു അറിവിനേയും പൂർണ്ണമായും ഉൾക്കൊള്ളാൻ ഏതാനം വ്യക്തികൾക്കൊ, സ്ഥാപനങ്ങൾക്കോ സാദ്ധ്യമല്ലെന്ന വസ്തുത, അവയുടെ പൊതു ഉടമസ്ഥത വെളിവാക്കുന്നു. അറിവിന്റെ പൂനരുല്പാദനം എളുപ്പത്തിൽ സാദ്ധ്യമാകുന്നതിനാൽ, അവ പൊതു ഉടമസ്ഥതയിലിരിക്കുമ്പോഴും, ഏതൊരു വ്യക്തിക്കും, സ്ഥാപനത്തിനും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതാണു്. അത് തങ്ങളുടെ ലാഭത്തിനു് പ്രതികൂലമാകുമെന്നതിനാൽ, അറിവിനെ വളച്ചുകെട്ടി കുത്തകവൽക്കരിക്കാനുള്ള ശ്രമമാണു് കമ്പോളശക്തികൾ നടത്തുന്നതു്.

ശാസ്ത്ര സാങ്കേതിക വിദ്യയും രാഷ്ട്രീയവും

9. ശാസ്ത്ര-സാങ്കേതികവിദ്യകൾക്കു് വർഗ്ഗ പക്ഷപാതിത്വമില്ലെങ്കിലും, അവയുടെ പ്രയോഗത്തിനു് വർഗ്ഗ സ്വഭാവമുണ്ടു്. മുതലാളിത്തവ്യവസ്ഥയിൽ കമ്പോളശക്തികളുടെ താല്പര്യത്തിലായിരിക്കും സാങ്കേതികവിദ്യ സാധാരണ നിലയിൽ പ്രയോഗിക്കപ്പെടുക. അത് മിക്കപ്പോഴും ബഹുഭൂരിപക്ഷം ജനങ്ങളുടെ താല്പര്യത്തിനു് എതിരായിരിക്കും. എന്നാൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തി, അവ ജനപക്ഷമാക്കാനും, അതുവഴി, മികച്ച സാമൂഹ്യ മാറ്റങ്ങൾക്കു് തുടക്കമിടാനും സാധിക്കും.
10. മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവം ക്ഷയിക്കാൻ തുടങ്ങുകയും, കുത്തകവല്ക്കരണം വ്യാപകമാവുകയും ചെയ്യുന്ന കാലഘട്ടത്തിലാണു് ആധുനിക സാങ്കേതിക വിദ്യകൾ വികസിച്ചുവന്നതു്. പൊതുവെയുള്ള സാമൂഹ്യവികാസത്തെ അപേക്ഷിച്ച് വളരെ ചടുലമായിട്ടാണു് അവ വളർന്നുവരുന്നത്. എന്നാൽ അവ തൊഴിലാളി വർഗ്ഗം വികസിപ്പിച്ചതാണു്. എന്നാൽ കമ്പോള ശക്തികൾ അറിവു് കുത്തകവല്കരിക്കാനും അവയുടെ വിനിമയ ഉപാധികൾ നിയന്ത്രിക്കാനും ശ്രമിക്കുന്നുണ്ട്.
11. അറിവിന്റെ കുത്തവല്ക്കരണത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ സാമ്രാജ്യശക്തികൾക്കെതിരെയുള്ള ചെറുത്തു നില്പിന്റെ മറ്റൊരു രൂപമായി മാറുന്നു.ണ്ട് ശാസ്ത്ര-സാങ്കേതികവിദ്യയുടെ സംവിധാനങ്ങളുടെ സ്വതന്ത്രമായ ലഭ്യത അറിവിന്റെ ജനാധിപത്യ പൂർണ്ണവും ജനകീയവുമായ പ്രയോഗത്തിനു് അത്യന്താപേക്ഷിതമാണു്.
12. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ തുടക്കത്തിൽ അതു് സമൂഹത്തിലെ അസമത്വങ്ങളെ വർദ്ധിപ്പിക്കുകയും പുതിയ വിടവുകളുണ്ടാക്കുകയും ചെയ്തു. സമൂഹത്തിലെ ഭൂരിഭാഗത്തിനും, പുരോഗമന രാഷ്ട്രീയപക്ഷത്തിനും ആ സങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്താൻ സാധിച്ചില്ല.
13. എന്നാൽ ഇപ്പോൾ അത്തരം ആധുനിക സാങ്കേതിക സംവിധാനങ്ങളും സമൂഹത്തിൽ കൂടുതൽ വ്യാപകമായി. കൂടുതൽ ആൾക്കാർക്ക് അതു് ഉപയോഗിക്കാമെന്നു് വന്നു. അതോടെ, സമൂഹത്തിലെ പല പ്രശ്നങ്ങൾക്കും അവയാൽ പരിഹാരമുണ്ടാക്കമെന്ന ധാരണ വന്നു. ഇത്തരം സംവിധാനങ്ങൾ പല അനുബന്ധ ആവശ്യങ്ങളും, അവയുടെ വിപണിയും സമൂഹത്തിൽ സൃഷ്ടിച്ചു.

സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങൾ

14. വൈജ്ഞാനിക സമൂഹത്തിന്റെ സവിശേഷതയായ വിവരങ്ങളുടെയും അറിവിന്റെയും സാർവ്വത്രികമായതും സ്വതന്ത്രവുമായ ലഭ്യത ഉറപ്പ് വരുത്താനായി പ്രവർത്തിക്കുന്നവരാണ് സ്വതന്ത്ര വിജ്ഞാന പ്രവർത്തകർ. അറിവിന്റെ കുത്തകവല്ക്കരണത്തെ ചെറുക്കുന്ന, സ്വതന്ത്രവിജ്ഞാന പ്രസ്ഥാനങ്ങൾ അറിവിന്റെ വികാസത്തിലെ വൈരുദ്ധ്യങ്ങളെ ക്രീയാത്മകമായി വിലയിരുത്തിക്കൊണ്ടു വളർന്നു വന്നവയാണു്.
15. അറിവിന്റെ പ്രയോഗത്തിലൂടെയാണു് മൂല്യവർദ്ധന സാദ്ധ്യമാകുന്നതെന്നും, ഉപയോഗിക്കപ്പെടാത്ത അറിവുകൾക്കു് മൂല്യമില്ലെന്നും, അറിവിന്റെ പ്രയോഗവും, അതുവഴി അതിന്റെ മൂല്യവും ഉറപ്പുവരുത്താൻ അവയുടെ സ്വതന്ത്രമായ കൈമാറ്റം ഉറപ്പുവരുത്തണമെന്നും ഈ പ്രസ്ഥാനങ്ങൾ കാട്ടിത്തരുന്നു. ആധുനിക അറിവിന്റെ കാലഘട്ടത്തിലും ബോധപൂർവ്വമായ രാഷ്ട്രീയ ഇടപെടലൂടെ മാത്രമെ സാമൂഹ്യമാറ്റം സാദ്ധ്യമാകുവെന്നു് ഈ പ്രസ്ഥാനങ്ങൾ തിരിച്ചറിയുന്നു.
16. വിജ്ഞാന സമൂഹത്തിന്റെ ആവിർഭാവത്തോടെ ഭൗതിക ഉല്പന്നങ്ങൾകു പകരം ബൗദ്ധിക ഉല്പന്നങ്ങൾ സമ്പന്ന സമ്പദ് വ്യവസ്ഥകളിൽ മേൽക്കൈ നേടിതുടങ്ങി. മുതലാളിത്തം അടിക്കടി നേരിടുന്ന പ്രതിസന്ധികൾ, ഇപ്പോൾ പ്രാമുഖ്യമുള്ള ബൗദ്ധിക ഉല്പാദനക്രമത്തിന്റെ പാളിച്ചയാണു് കാണിക്കുന്നത്. നിലവിൽ പ്രാമുഖ്യമുള്ള ബൗദ്ധിക ഉല്പാദനക്രമത്തിനു് പകരമായുള്ള മറ്റൊരു ബൗദ്ധിക ഉല്പാദനനക്രമമാണു് സ്വതന്ത്ര വിജ്ഞാന പ്രസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്നതു്.
17. സോഫ്റ്റ്‌വെയർ രംഗത്തുള്ള കുത്തകവല്കരണത്തിന്റെ പ്രകടമായ രൂപമാണു് കുത്തക സോഫ്റ്റ്‌വെയറുകൾ. ഉപഭോക്താകളെ ചൂഷണം ചെയ്തു കൊള്ളലാഭം കൊയ്യുവാനാണു് സോഫ്റ്റ്‌വെയർ കുത്തകകൾ ശ്രമിക്കുന്നത്. ഇതിനെതിരെ, ഈ രംഗത്തെ വിദഗ്ദ്ധരുടേയും, സംരംഭകരുടേയും, തൊഴിലാളികളുടേയും കൂട്ടായ്മയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനങ്ങൾ. അറിവിന്റെ വളച്ചു കെട്ടലിനെതിരെയുള്ള പോരാട്ടങ്ങളിൽ അവയുടെ പ്രവർത്തനങ്ങൾ നിർണ്ണായക സ്ഥാനം വഹിച്ചു.
18. സാമൂഹ്യമായ ഉല്പാദനവും സ്വകാര്യമായ ഉടമസ്ഥതയും എന്ന മുതലാളിത്ത രീതിക്കു പകരം സാമൂഹ്യമായ ഉല്പാദനവും സാമൂഹ്യമായ ഉടമസ്ഥതയും എന്ന രീതി സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തനങ്ങളിലൂടെ നിലവിൽ വന്നു. സോഫ്റ്റ്‌വെയറിന്റെ വിതരണത്തിനു് ഇന്റർനെറ്റ് ഉപയോഗപ്പെടുത്തപ്പെട്ടതോടെ മൂലധന ശക്തികളെ ആശ്രയിക്കാതെ വിതരണവും വിനിമയവും സാദ്ധ്യമായി. ആവശ്യക്കാർക്കു് ഏതു് സ്വതന്ത്ര സോഫ്റ്റ്‌വെയറും എടുത്തു് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റേയും ഇതര വിജ്ഞാനത്തിന്റെ സൃഷ്ടി നടത്താനും കഴിയുന്ന നിലവന്നു.
19. സ്വതന്ത്ര സോഫ്റ്റ്‌വെയർ രംഗത്തുണ്ടായ മുന്നേറ്റം വിജ്ഞാനത്തിന്റെ ഇതര മേഖലകളിലും സാദ്ധ്യമാണു്. അതു് ഇന്നു് പല മേഖലകളിലും നടപ്പാക്കപ്പെട്ടു് വരുന്നു. തുറന്ന യന്ത്രോപകരണ സൃഷ്ടി, തുറന്ന മരുന്നു് കണ്ടുപിടുത്തം, പൊതുവിജ്ഞാന സൃഷ്ടി (Creative Commons), തുറന്ന പ്രസിദ്ധീകരണം, സ്വതന്ത്രവിജ്ഞാന ശേഖരം (വിക്കീപീഡിയ) തുടങ്ങി ഒട്ടേറെ മേഖലകളിലേയ്ക്കു് സ്വതന്ത്ര വിജ്ഞാന സൃഷ്ടി-വിതരണ മാതൃക വ്യാപിക്കുകയാണു്. അവ മുന്നേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിലാണു്.
20. എല്ലാ വിഷയങ്ങളിലും സ്വതന്ത്രവും സമഗ്രവുമായ അറിവിന്റെ സമാഹരണം വിജ്ഞാനസമൂഹത്തിന്റെ ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. ഇതിനുള്ള ലളിതവും ജനകീയവുമായ രൂപമായി ഇന്ന് വിക്കിപീഡിയ മാറിയിട്ടുണ്ട്. അനായസവും സുതാര്യവുമായ കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും നടത്തിക്കൊണ്ടു് അറിവിന്റെ ചലനാത്മകമായ സ്വഭാവത്തെ അതേപടി ഉൾക്കൊള്ളുവാൻ സാധിക്കുന്നുവെന്നത് അതിന്റെ സീകാര്യതക്കും കാരണമായിട്ടുണ്ട്. ഇത് മുതലെടുത്തുകൊണ്ട് ചരിത്രത്തിന്റെ വക്രീകരണത്തിനും സമൂഹത്തെ പിന്നോട്ടടിക്കുന്ന ആശയങ്ങളുടെ പ്രചാരണത്തിനും വിക്കിപീഡിയ വേദിയാവുന്നുണ്ട്.

വിവരത്തിന്റെ കുത്തകവല്ക്കരണം

21. വിവരസാങ്കേതിക രംഗത്തെ വൻകിട സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാന ആസ്തികളിലൊന്നാണ് വിവരം. സമാഹരിക്കപ്പെടുന്ന വലിയ വിവര ശേഖരത്തെ സ്വാഭാവികമായും ലഭിക്കുന്ന അസംസ്കൃത വസ്തുവായും, മൂല്യമുള്ള ഒരു വില്പന ചരക്കായും കമ്പോളശക്തികൾ കൈകാര്യം ചെയ്യുന്നുണ്ട്.
22. വലിയ വിവരശേഖരങ്ങളുടെ (ബിഗ്‍ഡാറ്റ) വിശകലനത്തിനായി ഡാറ്റാ സയൻസ് എന്നറിയപ്പെടുന്ന ഒരു ശാസ്ത്രശാഖ രണ്ട് പതിറ്റാണ്ടുകളായി വികസിച്ചു വരികയാണ്. ഗവേഷണം, ആസുത്രണം എന്നിവക്ക് ഡാറ്റാസയൻസ് ഒഴിച്ചു കൂടാനാവാത്തതായി. വിപുലമായ വിവരശേഖരങ്ങൾ കൈകാര്യം ചെയ്യാൻ വലിയ തോതിലുള്ള ഗണനശേഷി ആവശ്യമുണ്ട്. ലോകത്ത് പലയിടങ്ങളിലുമായി സ്ഥാപിച്ച കമ്പ്യൂട്ടർ ശൃംഖലകൾ ക്ലൗഡുകളായി പ്രവർത്തിച്ചാണ് ഇത്തരം ഗണനശേഷി ഒരുക്കുന്നത്.
23. നിർമ്മിത ബുദ്ധി സംവിധാനങ്ങൾ പ്രവർത്തിക്കുവാൻ ബിഗ്ഡാറ്റ, വളരെ അത്യാവശ്യമാണ്. ഡാറ്റാ സയൻസിനുള്ള വിപുലമായ സംവിധാനങ്ങൾ ആ രംഗത്ത് പ്രവർത്തിക്കുന്ന വൻകിട കമ്പിനികൾ ഒരുക്കുന്നുണ്ട്. എന്നാൽ അവക്കു് വേണ്ട വിവരങ്ങൾ സൃഷ്ടിക്കുന്നതും, നല്കുന്നതും പ്രത്യക്ഷത്തിൽ സൗജന്യമായ അവയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ജനങ്ങളാണ്. ഇത്തരത്തിൽ നല്കുന്ന ഒറ്റപ്പെട്ട
24. വിവരങ്ങൾക്ക് വലിയ പ്രയോഗമൂല്യമില്ലെങ്കിലും, അവ കൂട്ടായി സമാഹരിക്കപ്പെട്ടാൽ പ്രയോഗമൂല്യം വളരെയേറെയാണ്. ഡിജിറ്റൽ രംഗത്തെ ഒരു തരം ചൂഷണത്തിന് ഇത് വഴിവെക്കുന്നുണ്ട്. അദ്ധ്വാനത്തിലൂടെ വിവരം സൃഷ്ടിക്കുന്നവർക്ക് അതിന്റെ മൂല്യം കിട്ടുന്നില്ല. എന്നാൽ അവ സമാഹരിച്ച് വിവരാധിഷ്ഠിത സേവനങ്ങൾ നല്കുന്ന സ്ഥാപനങ്ങളുടെ വിധേയരായി അവർക്ക് നില്ക്കേണ്ടിയും വരുന്നു. തൊഴിൽ സംരംഭക മേഖലയിലെ പ്രവർത്തനങ്ങളിൽ ഇടനിലക്കാരായി നിന്ന്, അമിതമായ ലാഭം ഈ സ്ഥാപനങ്ങൾ ഈടാക്കുന്നുണ്ട്.
25. വ്യക്തിഗത വിവരങ്ങൾ, പ്രത്യേകം വില നല്കുാത്ത സഞ്ചിത മുലധനമായാണ് നവമാദ്ധ്യമ സ്ഥാപനങ്ങൾക്ക് സമാഹരിക്കുന്നത്. നിർമ്മിതബുദ്ധി സങ്കേതങ്ങളെ പരിശീലിപ്പിച്ച് പാകപ്പെടുത്താൻ ഇത്തരത്തിലുള്ള വൻവിവരശേഖരം അവർ ഉപയോഗിക്കുന്നു. അവ അസംസ്കൃത ചരക്കായും അവർ വില്ക്കുന്നുണ്ട്. പക്ഷെ, വിവരമായതുകൊണ്ടുതന്നെ, വില്ക്കുന്ന സ്ഥാപനം, അതിന്റെ ഒരു പകർപ്പ് മാത്രമെ കൈമാറ്റം ചെയ്യുന്നുള്ളു. ഒരു പകർപ്പ് വില്പന നടത്തിയവരുടെ പക്കലുണ്ടായിരിക്കും. അതുതന്നെ ആവർത്തിച്ച് വില്പന നടത്തുകയും ചെയ്യാം. കൂടാതെ, ആ വിവരങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത സേവനം നല്കുന്ന ഒരു വ്യവസായവും അവർക്ക് നടത്തുവാൻ സാധിക്കും.
26. വിവരമെന്ന മൂലധനത്തിന്റെ അപാര ലാഭ സാദ്ധ്യതകളാണ് ഇതിലൂടെ വെളിവാകുന്നത്. അത്തരത്തിലുള്ള അസംസ്കൃത വസ്തുവിനെ ഏതു വിധേനെയും കൈവശമാക്കുക എന്നത് കമ്പോള ശക്തികൾ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് ഏതെങ്കിലും നിയമം തടസ്സമാകാതിരിക്കാനുള്ള മുൻകരുതലുകളും, അഥവാ, അത്തരം നിയമങ്ങൾ ഉണ്ടെങ്കിൽ തന്നെ അതിനെ മറികടക്കാനുള്ള അടവുകളും അവർ സ്വീകരിക്കുന്നുണ്ട്.
27. വിവര ശേഖരണത്തിലെയും, സംഭരണത്തിലെയും സുതാര്യത ഉറപ്പുവരുത്തി, സ്വതന്ത്രമായ ഉപയോഗത്തിന് ലഭ്യമായ വിവര ശേഖരണം ഓപ്പൺ ഡാറ്റ നയം മിക്ക ജനാധിപത്യ സമൂഹവും സ്വീകരിച്ചിട്ടുണ്ട്. വിവരശേഖരണം, സംഭരണം, വിശകലനം എന്നീ കാര്യങ്ങളിൽ ഒരു ജനാധിപത്യ സർക്കാർ സ്വീകരിക്കേണ്ടുന്ന സമീപനമാണ് ഓപ്പൺ ഡാറ്റ മുന്നോട്ട് വെക്കുന്നത്.
28. അറിവിന്റെ നിർമ്മിതിക്ക് ആവശ്യമായ വിവരം സ്വാഭാവികമയിട്ടല്ലാതെയും ഉണ്ടാകുന്നുണ്ടെന്നും, അത്തരത്തിൽ നിർമ്മിക്കപ്പെടുന്ന വിവരങ്ങളാണ് ഇപ്പോൾ പ്രചരപ്പിക്കപ്പെടുന്നവയിലും ഏറിയ പങ്കെന്നും തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ ലഭ്യമാകുന്ന വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്യപ്പെടേണ്ടതായി വരുന്നുണ്ട്. അത് ഒരു സാമൂഹ്യധർമ്മമായി തന്നെ ഏറ്റെടുക്കേണ്ട പ്രവർത്തനമാണ്.

വിവര സുരക്ഷ, സ്വകാര്യത

29. സംവേദനത്തിനും, വിവരസംപ്രേഷണത്തിനുമുള്ള സംവിധാനങ്ങൾ മെച്ചപ്പെടുന്നതിനോപ്പം തന്നെ, അതേ സംവിധാനങ്ങൾ ഉപയോഗിച്ചു് വിവരം ചോർത്തപ്പെടാനുമുള്ള, സാദ്ധ്യതകളും വർദ്ധിക്കുന്നുണ്ടു്. ഇതു് വിവരസുരക്ഷയെ കുറിച്ചുള്ള ആശങ്ക വ്യാപകമാക്കുന്നു. വിവരം നിശ്ചയിച്ചുറപ്പിച്ചയിടങ്ങളിലേക്കു് ചോർച്ചകൂടാതെ എത്തിക്കുകയും, സംഭരിക്കുകയും ചെയ്യുകയെന്നതു് ഇന്നത്തെ ഒരു പ്രധാന സാങ്കേതിക പ്രശ്നമായി മാറിയിട്ടുണ്ടു്.
30. വ്യക്തികൾക്കുമേൽ അധികാരം അടിച്ചേൽപ്പിക്കാനായി ഭരണകൂടങ്ങളും, കമ്പോളത്തിൽ ചൂഷണം എളുപ്പമാക്കാനായി കുത്തക സ്ഥാപനങ്ങളും, വ്യക്തികളുടെ വിവരം ചോർത്തിയെടുക്കുന്നുണ്ടു്. അവയിൽ നിന്നുമുള്ള സംരക്ഷണം തീർച്ചയായും വ്യക്തികൾ അർഹിക്കുന്നുണ്ടു്. എന്നാൽ ഒരു സമൂഹത്തിനു് മുഴുവൻ ഭീഷണിയാകുന്ന വിധത്തിൽ ചില ഭീകരസംഘങ്ങൾ വിവരം കൈകാര്യം ചെയ്യുന്നുമുണ്ടാകാം. ആ വിപത്തു് മുൻകൂട്ടി ബന്ധപ്പെട്ട സമൂഹത്തെ ബോധവല്ക്കരിച്ചു്, ഭീഷണി ഒഴിവാക്കാനുള്ള വഴി കൂടി കാണേണ്ടതുണ്ട്.
31. ആർക്കു്, എന്തിനു്, എത്രത്തോളം വിവരസുരക്ഷ എന്നത് നിയമത്തിലൂടെ പരിഹരിക്കേണ്ടുന്ന ഒരു സാമൂഹ്യ പ്രശ്നമാണ്. വ്യക്തികള്‍ക്കു് ആവശ്യമായവ, സ്ഥാപനങ്ങള്‍ക്കു് ആവശ്യമായവ, സമൂഹത്തിനു്
32. ആവശ്യമായവ എന്നിങ്ങനെ വിവരത്തിനു് പല തരംതിരിവുകളുമുണ്ടു്. ഇവയിലൊന്നിന്റെ സുരക്ഷ മറ്റൊന്നിനു് ഭീഷണിയാകാതിരിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണു്. വിവരസുരക്ഷക്ക് ഏറ്റവുമധികം ഭീക്ഷണിയാകുന്നത് അമിതമായ വിവര കേന്ദ്രീകരണമാണ്.
33. വിവരസുരക്ഷയ്ക്കായി വ്യക്തമായ നയം വേണമെന്നാണു് ഇത് കാണിക്കുന്നതു്. നയരൂപീകരണത്തിൽ ആരൊക്കെ പങ്കാളിയാകുന്നുവെന്നതു് പ്രധാനപ്പെട്ട കാര്യമാണു്. ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികൾ, ചെറുകിട-ഇടത്തരം സ്വയം സംരംഭകർ, കർഷകർ എന്നിവർക്കു് ഈ നയരൂപീകരണങ്ങളിൽ ഇടപെടാൻ സാധിക്കണം. കുത്തക സ്ഥാപനങ്ങൾക്കും, സാമ്രാജത്വ ഭരണകൂടങ്ങൾക്കും നയരൂപീകരണങ്ങളിൽ മേൽക്കൈ കിട്ടുവാൻ പാടില്ല.
34. ഇത്തരത്തിൽ രൂപപ്പെടുന്ന വിവരസുരക്ഷാ നയം വീഴ്ച കൂടാതെ നടപ്പിലാക്കാനുള്ള സാങ്കേതികവിദ്യകളും, രീതിശാസ്ത്രങ്ങളും ഒരുക്കുക എന്നതാണു് അടുത്ത കാര്യം, അതിനായുള്ള പല രീതികളും, സങ്കേതങ്ങളും ഇന്നു് നിലവിലുണ്ടെങ്കിലും, അവ എത്രത്തോളം ഫലപ്രദമാണെന്നു് പരിശോധിക്കേണ്ടതുണ്ടു്. വിവരസംപ്രേഷണത്തിനു് നിലവിലുള്ള വിപുലമായ സംവിധാനങ്ങൾ പരിഗണിക്കുമ്പോൾ, ഒരിക്കൽ ചോർത്തപ്പെട്ട വിവരം പലതവണ ചോർത്തപ്പെട്ടതു് പോലെയാണു്. അതിനാൽ വിവരസുരക്ഷാ സംവിധാനങ്ങൾ യാതൊരു പിഴവുമില്ലാത്തവയാകണം.
35. സംഭരണി, ശൃംഖല, സോഫ്റ്റ്‌വെയർ എന്നീ മൂന്നിടങ്ങളിൽ നിന്നാണു് വിവരം പ്രധാനമായും ചോർന്നുപോകാനുള്ള സാദ്ധ്യത, സംഭരണികളും, സോഫ്റ്റ്‌വെയറും ശൃംഖലകളുമായി ബന്ധിപ്പിച്ചവയും, അല്ലാത്തവയുമുണ്ടാകാം. വിവരസുരക്ഷ ഉറപ്പാക്കുന്ന സംവിധാനങ്ങൾ എല്ലാ സാഹചര്യങ്ങളിലും ഫലപ്രദമാണൊ എന്നതു് പരിശോധിക്കേണ്ട കാര്യമാണു്. ശൃംഖലകളിലേയും, സാധാരണ സംഭരണികളിലെ ചോർത്തൽ തടയാൻ അവ ഏറെക്കുറെ ഫലപ്രദമായേക്കാം. എന്നാൽ വിവരം സമാഹരിക്കുന്ന സ്ഥാപനങ്ങളുടെ ദുരുപയോഗത്തിനെ തടയാനതിനാവണമെന്നില്ല.
36. ഇന്നു് വൻകിട കുത്തക സ്ഥാപനങ്ങളോ, സാമ്രാജത്വ ഭരണകൂടങ്ങളൊ കൈവശം വെച്ചിരിക്കുന്ന സംഭരണികളിലാണു് മിക്ക വിവരങ്ങളും സൂക്ഷിച്ചിരിക്കുന്നതു്. വിവരസുരക്ഷക്കു് ഇത്തരം അമിതമായ വിവര കേന്ദ്രീകരണം വലിയ ഭീഷണിയാണ്, സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള ഭീമമായ ഗണനവിഭവങ്ങളും, വൻവിവരവിശകലനം (Data mining) നടത്താനുള്ള വിപുല സാങ്കേതിക സംവിധാനങ്ങളും അവർക്കുണ്ടു്. കമ്പോളശക്തികൾക്കും, ഭരണകൂടങ്ങൾക്കും അവർ വിവരങ്ങൾ ചോർത്തികൊടുക്കുന്നുമുണ്ടു്. സ്നോഡന്റെ വെളിപ്പെടുത്തലിലൂടെ അവരുടെ വിശ്വാസത വലിയതോതിൽ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടു്. ഇന്ത്യൻ സർക്കാർ പെഗാസസ് സേഫ്റ്റ്‍വെയർ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യതയിലടക്കം രഹസ്യനിരീക്ഷണം നടത്തിയത് സർക്കാരിന്റെ വിശ്വാസതയും, ജനങ്ങളോടും, രാജ്യത്തോടുമുള്ള കൂറും ചോദ്യംചെയ്യപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.
37. രഹസ്യ സോഫ്റ്റ്‌വെയറുകളിൽ പൊതുവേയുള്ള സാങ്കേതിക പാളിച്ചകളും, വിവരം ചോർത്താനായി പ്രത്യേകമൊരുക്കിയ സംവിധാനങ്ങളുണ്ടാകാനുള്ള സാദ്ധ്യതയും വിവരസുരക്ഷക്കു് വലിയ ഭീഷണിയാണു്. അത്തരം സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്ന സ്ഥാപനങ്ങളിൽ വിവരസുരക്ഷ അടിയറവെക്കുന്ന ഒരവസ്ഥാണവ സൃഷ്ടിക്കുന്നതു്. എന്നാൽ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അത്തരം അവസ്ഥകൾ മറികടക്കാം.
38. വിവരസുരക്ഷയെ സംബന്ധിച്ചെടുത്തോളം, വിവരത്തിന്റെ കൈവശാവകാശം ആർക്കാണെന്നതു് പ്രസക്തമായ കാര്യമാണ്. അവ വിവരസേവന സ്ഥാപനങ്ങൾക്കോ, രഹസ്യ സോഫ്റ്റ്‌വെയർ ദാതാക്കൾക്കോ ആകരുതു്. അവരിലൂടെയുള്ള വിവരകേന്ദ്രീകരണം ഒഴിവാക്കപ്പെടണം. പരസ്പരബന്ധിതമായി പ്രാദേശികമായി സ്ഥാപിച്ച, പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സംഭരണികളിൽ സംഭരിച്ചു്, തുറന്ന മാനദണ്ഡങ്ങളുപയോഗിച്ചു് സംപ്രേഷണം ചെയ്യുന്നതും മെച്ചപ്പെട്ട വിവരസുരക്ഷ ഉറപ്പാക്കും.
39. വിവരസുരക്ഷയും സ്വകാര്യതയും പരിരക്ഷിക്കുന്ന സമഗ്രമായ ഒരു നിയമനിർമ്മാണവും ഇന്ത്യയിലില്ല. നിലനിൽക്കുന്ന നയങ്ങളും നിയമനിർമ്മാണവും ഐടി ആക്റ്റ് 2000 ലെ അനുബന്ധ വ്യവസ്ഥകളാണ്, നിയമങ്ങൾ രൂപീകരിക്കുന്നതിൽ കോർപ്പറേറ്റ് സ്വാധീനം കൂടുതലാണ്. ഇതുമൂലം അതീവ സ്വകാര്യമായ വിവരങ്ങൾ അടക്കം കോർപ്പറേറ്റ് നിയന്ത്രണത്തിലാകുന്നു. അതിനാൽ തന്നെ, ഇന്ത്യയിൽ വിവര സുരക്ഷയും, സ്വകാര്യതയും കാത്തുസുക്ഷിക്കുക എന്നത് ഒരു വലിയ കടമ്പയാണ്.

വൈജ്ഞാനിക സമൂഹം

40. വൈജ്ഞാനിക സമൂഹത്തെ പല കോണുകളിൽ നിന്നും പലവിധത്തിൽ നിർവ്വചിക്കുന്നുണ്ട്. മനുഷ്യർ അറിവിനെ ആശ്രയിച്ച് ജീവിക്കുന്നതിനാൽ, മനുഷ്യസമൂഹം എപ്പോഴും വൈജ്ഞാനിക സമൂഹമായിരുന്നുവെന്ന പരക്കെ അംഗീകരിക്കുന്നുണ്ട്. എന്നാൽ, മെച്ചപ്പെട്ടൊരു ഭാവിസമൂഹത്തെ ലക്ഷ്യംവെക്കുന്ന വൈജ്ഞാനിക സമൂഹത്തിന്, ഇന്നത്തെ സാഹചര്യത്തിന് അനുസരിച്ച സവിശേഷമായ നിർവ്വചനം ആവശ്യമാണ്. ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വ്യാപകവും, ദൈനംദിനവുമായ ജനപക്ഷ പ്രയോഗത്തിലൂടെ, സമൂഹത്തിലെ ജനങ്ങളുടെയാകെ ജീവിതനിലവാരം ഉയർത്തുകയും, എല്ലാ ജനങ്ങളുടേയും പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരം കണ്ടെത്തുകയും ചെയ്ത് ഉച്ചനീചത്വമില്ലാത്ത സാമൂഹ്യസാഹചര്യം ഉറപ്പാക്കുന്നതാകണം വൈജ്ഞാനിക സമൂഹം.
41. സാങ്കേതികവിദ്യയുടെ കേവലമായ വികാസവും, അതിനനുസരിച്ച് മാത്രമുള്ള സാമൂഹ്യമാറ്റങ്ങളും ഒരു സാമൂഹ്യ വികാസമായി കാണാനാകില്ല. സ്വന്തം കഴിവിന്റെ മികവിലാണ് ഒരു വ്യക്തി ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകൾ ഉൽപ്പാദിപ്പിക്കുക. ഇത് കേവലമായ അറിവുൽപ്പാദനമാണ്. സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള കേവലമായ വികാസം ഒരു ഇടതുപക്ഷ ആശയമല്ല. സാങ്കേതികവിദ്യ ധനിക ദരിദ്ര ഭേദമില്ലാതെ എല്ലാവർക്കും പ്രാപ്യമാകണം. സ്വന്തം കഴിവിന്റെ ആത്മവിശ്വാസത്തിൽ ജീവിച്ച് മുന്നേറാനും വിവരവിതരണത്തിന്റെയും അറിവുനിർമിതിയുടെയും രാഷ്ട്രീയം തിരിച്ചറിയാനും കഴിയുന്ന ഒരു ഭാവിസമൂഹമാകണം വൈജ്ഞാനിക സമൂഹത്തിലൂടെ രൂപപ്പെടേണ്ടത്.
42. ശാസ്ത്ര-സാങ്കേതിക വിദ്യയുടെ തൊഴിൽരംഗത്തെ സാർവ്വത്രികമായ ഉപയോഗം ഉറപ്പാക്കുക എന്നത് പ്രധാനപ്പെട്ടതാണ്. അതിനാൽ തന്നെ, വ്യവസായരംഗം, മറ്റു തൊഴിൽ മേഖലകൾ എന്നിവക്ക് വിദ്യാഭ്യാസരംഗവും, ഗവേഷണരംഗവുമായി നല്ല പാസ്പര്യമുണ്ടാവുകയെന്നത് വൈജ്ഞാനിക സമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
43. നിലവിലെ സാമൂഹ്യ വ്യവസ്ഥയിൽ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ദുരിതരഹിതവും, സമാധാനപരവും, സംതൃപ്തികരവുമായ ജീവിതം പ്രദാനം ചെയ്യാൻ പ്ര്യാപ്തമല്ലാത്തതിനാൽ, പുതിയതിനു് വേണ്ടിയുള്ള അന്വേഷണം സർവ്വ തലങ്ങളിലും നടക്കും, അതിനായി,‍ സാമൂഹ്യ ഉടമസ്ഥതയിൽ ഉള്ള വിഭവങ്ങൾ സ്വതന്ത്രമായി ഉപയോഗിച്ച് പുതിയ സൃഷ്ടി നടത്തുന്ന സ്വതന്ത്ര സൃഷ്ടാക്കളായി ഓരോ വ്യക്തിക്കും മാറാനുള്ള സാഹചര്യം വിജ്ഞാനസമൂഹം ഒരുക്കണം.
44. ഒരു വിജ്ഞാന സമൂഹത്തിൽ, വിവരങ്ങളിൽ നിന്ന് ഉപയോഗപ്രദമായവ വേർതിരിച്ചറിയാനും പുതിയ അറിവ് സ്വന്തമാക്കാനും, അറിവിന്റെ സ്വതന്ത്രമായി ഉപയോഗത്തിനും വൈജ്ഞാനിക കഴിവും വിമർശനാത്മക മനോഭാവവും വളർത്തിയെടുക്കാനും എല്ലാവരേയും പ്രാപ്തരാക്കേണ്ടതുണ്ട്.
45. ഇന്നത്തെ സാഹചര്യത്തിൽ, ഉല്പാദിപ്പിക്കുകയോ വിപണനം ചെയ്യുകയോ ചെയ്യുന്ന വൈജ്ഞാനിക ഉല്പന്നങ്ങൾ മിച്ചമൂല്യത്തിൽ ‍നിന്നും മുക്തമല്ലാത്ത ചരക്കായിരിക്കുകയും ഉല്പാദനപ്രക്രിയ മൂലധനാധിഷ്ഠിതമായിരിക്കുകയും ചെയ്യുമെന്നതിനാൽ ഇവ സോഷ്യലിസ്റ്റ് പരിപാടികളായി വിഭാവനം ചെയ്യാനാവില്ല. ഇടതുപക്ഷ മേല്ക്കൈയുള്ള സമൂഹത്തിൽ, മുതലാളിത്ത നിയന്ത്രണത്തിലുള്ള ഉല്പാദനവും, വിതരണവും പൊതു താല്പര്യത്തോടെ നടപ്പാക്കുവാൻ ജാഗ്രത പുലർത്തേണ്ടതുണ്ട്.
46. വിജ്ഞാന സമൂഹത്തിന്റെ നിലനില്പും തുടർച്ചയും എല്ലാതലത്തിലുമുള്ള നവീകരണത്തെ (Innovation) ആശ്രയിച്ചു നില്ക്കുന്നതിനാൽ, നവീകരണത്തെ എല്ലാ രംഗത്തും ഉൾച്ചേർന്നു നില്ക്കേണ്ട കാര്യമാണ്.
47. വിപുലമായ പൊതു പങ്കാളിത്തം, നവീകരണത്തിന്റെ ജനാധിപത്യവൽക്കരണ പ്രക്രിയയെ പ്രോത്സാഹിപ്പിക്കും. കൂടുതൽ പരസ്പര ബന്ധിതമായതിനാൽ വിജ്ഞാന സമൂഹം ആഗോളമാനത്തിൽ കാര്യങ്ങളെ വീക്ഷിക്കുകയും, അന്താരാഷ്ട്ര സഹകരണത്തിലൂടെ പാരിസ്ഥിതിക പ്രശ്നങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, സാങ്കേതിക പ്രശ്നങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ, ദാരിദ്ര്യനിർമ്മാർജ്ജനം തുടങ്ങിയ കാര്യങ്ങളിൽ പ്രാദേശമായി മികച്ച രീതിയിൽ ശാസ്ത്രീയ ധാരണയോടെ പ്രവർത്തിക്കണം. അറിവിന്റെ സ്വതന്ത്രമായ പങ്കിടൽ വിജ്ഞാന സമൂഹത്തിന്റെ പ്രധാന സവിശേഷതയായിരിക്കണം. എല്ലാവരേയും ഉൾക്കൊള്ളുന്ന, സുതാര്യമായ, സഹകരാണാധിഷ്ഠിതമായ ഇന്നൊവേഷന്റെ രണ്ടാം പതിപ്പ് വിജ്ഞാന സമൂഹത്തിന്റെ കാതലാണ്. സമൂഹത്തിന്റെ സുസ്ഥിരമായ പുരോഗതിക്കു് അത് വളരെ അനിവാര്യവുമാണ്.
48. സമൂഹത്തിലെ ഭൂരിപക്ഷത്തേയും സ്വതന്ത്ര സ്രഷ്ടാക്കളായി മാറാൻ പ്രാപ്തരാക്കുന്നത് സാമൂഹ്യമാറ്റം കൈവരിക്കാനുള്ള ഒരു മാർഗ്ഗമാണ്. മുതലാളിത്തഘട്ടത്തിൽ അത്തരമൊരു ഭാവിസമൂഹത്തിന്റെ ഭ്രൂണ രൂപം, സ്വതന്ത്ര വിജ്ഞാന രംഗത്തു് രൂപംകൊള്ളുന്നുണ്ട്. അതിന്റെ വളർച്ചയ്ക്കു് ഉതകുന്ന വിധത്തിൽ കർഷകരേയും സ്വയംതൊഴിൽ സംരംഭകരേയും തൊഴിലാളികളേയും പരിവർത്തനത്തിനു് തയ്യാറാക്കേണ്ടതുണ്ട്.
49. വൈജ്ഞാനിക രംഗത്ത് പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സംഘടനകൾ, സാമൂഹ്യ ഇടപെടലുകളുടെ എല്ലാ മേഖലകളിലും സ്വതന്ത്ര വിജ്ഞാന സങ്കേതങ്ങൾ ഉപയോഗിച്ച്, കേരളത്തെ ഒരു വിജ്ഞാന വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിനായി പൊതുസഞ്ചയത്തിലുള്ള അറിവിനെ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
50. വൈജ്ഞാനിക സമൂഹത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും അറിവിനെ അടിസ്ഥാനമാക്കിയുള്ള ഉല്പാദനത്തിലും സേവനത്തിലും അധിഷ്ഠിതമായിരിക്കും. മനുഷ്യരുടെ ബുദ്ധിശക്തിയും, അറിവുമാണ് പ്രധാന മൂലധനമായി വർത്തിക്കുക. ആസ്തികളിൽ ബൗദ്ധിക ഉല്പന്നങ്ങളുടെ പങ്ക് വളരെയേറെ വർദ്ധിക്കും.
51. തൊഴിലാളികളുടെ അറിവും, ബുദ്ധിയും നിരന്തരമായ നവീകരിച്ചുകൊണ്ടിരിക്കുക എന്നത് വൈജ്ഞാനിക സമ്പദ്‌ഘടന നിലനിർത്തുന്നതിന് അത്യന്താപേക്ഷിതമാണ്. അതിനാൽ സമൂഹത്തിലെ തൊഴിൽ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള നിരന്തരമായ ബന്ധം തീർത്തും ഉറപ്പാക്കേണ്ടുന്ന കാര്യമാണ്.
52. അറിവിന്റെ നവീകരണം പ്രധാനമായും നടക്കുന്നത് തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനങ്ങളിലൂടെയാണ്. അവയുടെ പ്രയോഗം നടക്കുന്നത് തൊഴിൽ സ്ഥാപനങ്ങളിലൂടെയും. ഇവ തമ്മിലുള്ള സഹകരണത്തിന് അനുസരിച്ചായിരിക്കും വൈജ്ഞാനിക സമ്പദ്‌ഘടനയുടെ മേന്മ നിർണ്ണയിക്കപ്പെടുന്നത്.
53. പരമ്പരാഗത മേഖലയിലേയും, വ്യവസായിക മേഖലയിലെയും തൊഴിലിന്റെ സ്വഭാവും, രീതിയും വൈജ്ഞാനിക സമൂഹത്തിൽ നിരന്തരം നവീകരിക്കപ്പെടും. ഇവയുടെ മാനേജ്മെന്റും, തൊഴിലാളികളും ഈ ചടുലതയെ ഉൾക്കൊള്ളാൻ സന്നദ്ധരായിരിക്കണം.
54. ചെറുകിട ഇടത്തരം സംരംഭങ്ങളിലൂടെയായിരിക്കും കൂടുതൽ നവീകരണം സാദ്ധ്യമാകുക. അറിവിന്റെ സ്വാതന്ത്ര്യം പരിപോഷിപ്പിക്കുന്നതിലൂടെയാണ് ഇത്തരം സ്ഥാപനങ്ങൾ വളരാവുള്ള സാദ്ധ്യത വർദ്ധിപ്പിക്കുക. അറിവധിഷ്ഠിതമായ പുതിയ സംരംഭങ്ങൾ തുടങ്ങുവാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നത് പ്രത്യേകം ശ്രദ്ധ പതിപ്പിക്കേണ്ട കാര്യമാണ്.
55. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിൽ ദൈനംദിന ജീവിതത്തിൽ നടത്തേണ്ട പണമിടപാടുകളടക്കം ഓൺലൈൻ സംവിധാനത്തിലേക്ക് മാറും. ജനങ്ങളുടെ സാമൂഹ്യമായ ഇടപെടലുകൾ അധികവും ഡിജീറ്റൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാകും. അതിനാൽ ഡിജിറ്റൽ സാക്ഷരത നേടാത്തവർ പാർശ്വവല്ക്കരിക്കപ്പെടും. എല്ലാവർക്കും ‍ഡിജിറ്റൽ സാക്ഷരത ഉറപ്പാക്കുക എന്നത് അടിയന്തര പ്രധാന്യമുള്ള കാര്യമാണ്.
56. ആഗോളത്തിൽ വിജ്ഞാന സമ്പദ്‌വ്യവസ്ഥ വിപുലമാകുന്നതിനെ തുടർന്ന്, വികസ്വര രാജ്യങ്ങൾ അവയുടെ സാമൂഹ്യ സാഹചര്യങ്ങൾ പരിഗണിക്കാതെ പോലും വിജ്ഞാന സമ്പദ്‌വ്യവസ്ഥക്കുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കേണ്ടി വരുന്നു. വിജ്ഞാന സമ്പദ്‌വ്യവസ്ഥയെ തങ്ങളുടെ വികസന തന്ത്രങ്ങളുമായി ഇണക്കിക്കൊണ്ടുപോകുവാൻ മിക്ക രാജ്യങ്ങളും ശ്രമിക്കുന്നു.
57. സമ്പദ്‌വ്യവസ്ഥയിൽ അറിവിന്റെ പ്രധാന്യം കൂടുന്നതിനനുസരിച്ച്, അവയുടെ പരിപാലനത്തിനും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളും കാലീകമായി പുതുക്കേണ്ടത് സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരതക്ക് ആവശ്യമാണ്. നിലവിലുള്ള ബൗദ്ധിക സ്വത്തവകാശ നിയമങ്ങളും അറിവിന്റെ സ്വതന്ത്രമായ ഉപയോഗത്തെ തടയുന്നതിനായാണ് ഉപയോഗിക്കപ്പെടുന്നത്. അറിവിന്റെ സ്വതന്ത്രമായ ഉപയോഗത്തിലൂടെയാണ് സമൂഹത്തിന് അവ വ്യാപകമായി ഉപയോഗപ്പെടുത്താനും, അതുവഴി കൂടുതൽ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുവാനും സാധിക്കുള്ളു. ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ കാലീകമായി പരിഷ്കരിച്ച് അവയുടെ ദുരുപയോഗം തടയുവാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.
58. മുന്‍കാല സോഷ്യലിസ്റ്റു് പരീക്ഷണങ്ങളിൽ ജനാധിപത്യവികാസവും സ്വാതന്ത്ര്യ സാദ്ധ്യതകളും വളർത്താനാവാതെ പോയതു് മൂലധന പരിപാലനവും ഉല്പാദന പരിപാലനവും വിതരണ-വിനിമയ പരിപാലനവും അടക്കമുള്ള കാര്യങ്ങളിൽ ജനകീയ പങ്കാളിത്തം കുറഞ്ഞതു് കൊണ്ടു കൂടിയാണെന്നു് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. ഈ അനുഭവം കൂടി ഉൾക്കൊണ്ടാകണം വൈജ്ഞാനിക സമൂഹത്തിലേക്കുള്ള ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത്.

വിദ്യാഭ്യാസ രംഗം

59. ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം, വിവരങ്ങളുടെയും അറിവിന്റെയും സാർവ്വത്രികമായതും സ്വതന്ത്രവുമായ ലഭ്യത, സാംസ്കാരികമായ വൈവിദ്ധ്യങ്ങളെ ഉൾക്കൊള്ളൽ, സാർവ്വത്രികമായതും ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നീ നാല് അടിസ്ഥാന സവിശേഷതകൾ വൈജ്ഞാനിക സമൂഹത്തിനുണ്ടായിരിക്കണമെന്നാണ് യുനസ്കോ നിർവ്വചിക്കുന്നത്.
60. വിദ്യാഭ്യാസരംഗത്തെ അസമത്വം അറിവിന്റെ സാർവ്വത്രിക ലഭ്യതക്ക് ഒരു പ്രധാന തടസ്സമാണ്. സമഭാവനയോടെ അറിവു് പകരാൻ ഏറ്റവും അനുയോജ്യമായ സംവിധാനമാണ് പൊതുവിദ്യാലയങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി പൊതുവിദ്യാലയങ്ങളെ ഉന്നതനിലവാരമുള്ളതാക്കുക എന്നത് അറിവിന്റെ സാർവ്വത്രികമായതും സ്വതന്ത്രവുമായ ലഭ്യത ഉറപ്പ് വരുത്താൻ സഹായിക്കും.
61. സാംസ്കാരികമായ വൈവിദ്ധ്യങ്ങളോടുള്ള ആദരവ് എന്ന പരമപ്രധാനമായ ലക്ഷ്യം നമ്മുടെ ഭരണഘടനാ മൂല്യങ്ങളുമായി നേരിട്ട് ബന്ധമുള്ളതാണ്. സമൂഹത്തിന്റെ അസ്തിത്വം നാനാത്വത്തിനെ അംഗീകരിച്ചുകൊണ്ടായിരിക്കണം എന്ന കാര്യം നമ്മുടെ മതനിരപേക്ഷ ജീവിതത്തിന്റെ അടിസ്ഥാനമാണ്. മതനിരപേക്ഷ മൂല്യവും പരസ്പരബഹുമാനവും രൂപംകൊള്ളുന്നത് ഒരു മനുഷ്യന്റെ ശൈശവ കൗമാര കാലങ്ങളിലാണ്. ഇത് സാദ്ധ്യമാകുന്നത് എല്ലാ കുട്ടികളേയും ഒരുപോലെ പരിഗണിക്കുന്ന, അവർ ഒരുമിച്ചിരുന്നു പഠിക്കുന്ന പൊതുവിദ്യാലയങ്ങളിൽ നിന്നുമാണ്.
62. വൈജ്ഞാനിക സമൂഹത്തിന്റെ സാർത്ഥകമായ വികാസത്തെ സഹായിക്കുവാനായി ഉന്നതവിദ്യാഭ്യാസത്തെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് വിജ്ഞാനത്തിന്റെ വിവേചനരഹിതമായ ഉല്പ്പാദനവും, വിതരണവും. അവയുടെ സ്വതന്ത്രവും, സാർവ്വത്രികവുമായ ലഭ്യതയും ഉറപ്പാക്കുന്നത് വൈജ്ഞാനിക സമൂഹത്തിന്റെ പ്രധാന സവിശേഷതയാണ്. അതിലേക്ക് സമൂഹത്തെ ഉയർത്തണമെങ്കിൽ, അതിനാവശ്യമായ പശ്ചാത്തല സൗകര്യവും, പാഠ്യപദ്ധ്വതികളും, നൂതനമായ ബോധനരീതികളും, കാലീകവും പ്രസക്തവുമായ ഉള്ളടക്കവും ഉറപ്പാക്കിക്കൊണ്ട് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കണം.

ഗവേഷണ രംഗം

63. ഒരു വിജ്ഞാന സമൂഹത്തിൽ, അറിവും നവീകരണവും സമൂഹത്തിന്റെ കാതലായി മാറുന്നു, ജനങ്ങളുടെ വിദ്യാഭ്യാസ നിലവാരം സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന്റെ അടിത്തറയായി മാറുന്നു. വൈജ്ഞാനിക സമൂഹത്തിന്റെ പരിപാലനത്തിനും, പുരോഗതിക്കും, അറിവിന്റെ തുടർച്ചയായ നവീകരണം, ശേഖരണം, പ്രയോഗം, വർഗ്ഗീകരണം എന്നിവ പ്രധാനപ്പെട്ടതാണ്. ഇതിനായി ഗവേഷണ പ്രവർത്തനങ്ങളും, അവക്ക് ഉല്പാദന, തൊഴിൽ മേഖലയുമായുള്ള ബന്ധവും ശക്തിപ്പെടുത്തണം.
64. ലഭ്യമാകുന്ന ധനസഹായം, എറ്റെടുത്തിരിക്കുന്ന വിഷയം, അധികാരശ്രേണി, മത്സരം എന്നിവ നിലവിൽ ഗവേഷകരുടെ പ്രവർത്തനത്തെ ശക്തമായി സ്വാധീനിക്കുന്നു. ഇത് പ്രധാനമായും കോർപ്പറേറ്റുൾക്കും, സർക്കാരുകൾക്കും, വിദഗ്ദ്ധ ഗവേഷകർക്കും അനുകൂലമായ കാര്യമാണ്. ഇത് മുതലാളിത്ത സമ്പദ്‍വ്യവസ്ഥ മുന്നോട്ട് വെക്കുന്ന സ്വാഭാവിക ഘടനയാണ്. ഈ ഘടനയെ പരിപോഷിപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കപ്പെടുന്നത്. ഇതിനെ ചോദ്യംചെയ്യുന്ന ഒരു ഗവേഷണ മാതൃകയും സാധാരണ നിലയിൽ പ്രോത്സാഹിപ്പിക്കപ്പെടില്ല. എന്നാൽ ഗവേഷണം സമൂഹത്തിന്റെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ അവ സഹായകരമാകണമെന്നില്ല. ഈ ഘടനയെ മറികടക്കാക്കാനായി നിർണായകമായ അധ്യാപനവും (Critical Learning), ഗവേഷണ പ്രവർത്തനങ്ങളുടെ ജനകീയവൽക്കരണവും സമൂഹ പങ്കാളിത്തവും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ബദൽ ഗവേഷണ മാതൃകകളെ ബോധപൂർവ്വം ഉയർത്തികൊണ്ടുവന്നാൽ മാത്രമെ വൈജ്ഞാനിക സമൂഹം സ്വാർത്ഥകമാവുകയുള്ളു.
65. ഗവേഷണ പ്രവർത്തനത്തിനുള്ള വിഭവങ്ങൾ പൊതുവെ, പല കാലങ്ങളായി, പല തട്ടുകളിലൂടെയുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്നവയാണ്. അങ്ങനെയുള്ള വിജ്ഞാന ശേഖരത്തിന്മേൽ ഒരു കൂട്ടം ഗവേഷകർ സവിശേഷമായ നിയന്ത്രണമുള്ളവരായി ഭാവിച്ച്, ആ മേഖലയിലേക്ക് പുതിയ ഗവേഷകർ എത്തുന്നതിന് തടയിടുന്ന പ്രവണത കാണുന്നുണ്ട്. മുതലാളിത്തം മുന്നോട്ടുവെക്കുന്ന ഇത്തരത്തിലുള്ള സ്വാർത്ഥാധിഷ്ഠിതമായ മത്സരവും, കുത്തവല്ക്കരണ പ്രവണതയും ഗവേഷണത്തിന്റെ പല തലത്തിലുള്ള കാര്യക്ഷമതയേയും കെടുത്തുന്നുണ്ട്. ഈ രംഗത്തെ മിക്ക വിദഗ്ദ്ധരും മുഴുവൻ സമയ ഗവേഷകരാണ്. ഭാഗീകമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നില്ല. സ്ഥാപനത്തിന്റെ പതിവുരീതിക്ക് പകരം മെച്ചപ്പെട്ട രീതി മുന്നോട്ടുവെക്കുന്നതും പലപ്പോഴും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.
66. സാമൂഹ്യപങ്കാളിത്തവും നിയന്ത്രണവുമുള്ള ഗവേഷണം ഒരു ബദൽ മാതൃകയാണ്. അതിന് മറ്റൊരു നടത്തിപ്പ് രീതി ആവശ്യമാണ്. ജിജ്ഞാസ ഒരു സാധാരണ മനുഷ്യ സ്വഭാവമാണ്, പ്രത്യേകിച്ച് കുട്ടികളിൽ. അവസരം ലഭിച്ചാൽ, കൂടുതൽ ആളുകൾ ഏതെങ്കിലും തരത്തിലുള്ള ഗവേഷണത്തിൽ ഏർപ്പെട്ടേക്കാം. ഗവേഷണത്തിന്റെ ഭാഗഭാക്കാകാൻ സാദ്ധ്യതയുള്ള ആർക്കും, അതിനുള്ള അവസരം ഉറപ്പാക്കാണം. സാമൂഹ്യപ്രസക്തി അനുസരിച്ച് ഗവേഷണ പദ്ധ്വതികളുടെ മുൻഗണന നിശ്ചയിക്കാനും, അതിലുടെ രൂപീകരിക്കപ്പെടുന്ന അറിവ് പൊതുമണ്ഡലത്തിൽ സ്വതന്ത്രമായ ഉപയോഗത്തിനു് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും.
67. അക്കാദമിക് ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന പല ഗവേഷണപ്രബന്ധങ്ങളും കാര്യമായി വായിക്കപ്പെടുന്നില്ല. ലളിതമായി എളുപ്പം മനസ്സിലാക്കാവുന്ന തരത്തിൽ അവതരിപ്പിച്ചാൽ ജനങ്ങളിലേക്ക് ഗവേഷണഫലം പെട്ടന്നെത്തിക്കാൻ കഴിയും. ഗവേഷണഫലങ്ങൾ കൂടുതൽ പേരിൽ എത്തുന്നതുമൂലം, അവയുടെ പ്രയോഗങ്ങളും തുടർ ഗവേഷണവും കൂടുതൽ നടക്കും. അതിലൂടെ ഗവേഷണത്തിനുള്ള വിപുലമായ വിഭവോപയോഗങ്ങൾ സാധൂകരിക്കപ്പെടും.
68. ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങ്ങൾ രചയിതാക്കൾക്കും വായനക്കാർക്കും സ്വതന്ത്രമായി ലഭ്യമാക്കുന്നത് ഗവേഷണ പ്രവർത്തനങ്ങളെ പരിപോഷിപ്പിക്കും. അവയുടെ പുനരുപയോഗവും സ്വതന്ത്ര ഉപയോഗം അനുവദിക്കുന്ന ഓപ്പൺ ലൈസൻസ് പ്രകാരമായിരിക്കണം. അതിലെ നിഗമനങ്ങളെ പിന്തുണയ്ക്കുന്ന വിവരങ്ങളും നിരീക്ഷണങ്ങളും ഒപ്പം തന്നെ പ്രസിദ്ധീകരിക്കണം.
69. പ്രസിദ്ധീകരിക്കപ്പെടാത്ത ഗവേഷണ പ്രവ‍ർത്തനങ്ങൾ പാഴായിപ്പോയതിന് തുല്യമാണ്. അവയിലൂടെ രൂപീകരിക്കപ്പെട്ട അറിവ് ശാസ്ത്രസമൂഹത്തിൽ എത്തുകയില്ല. അവക്ക് തുടർ പ്രവർത്തനങ്ങൾ
70. ഉണ്ടാവുകയുമില്ല. അതിനാൽ ഏതെങ്കിലും വിധേനെ പ്രസിദ്ധീകരിച്ചു കിട്ടാൻ ഗവേഷകർ ശ്രമിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ശാസ്ത്രീയ ഗവേഷണം വിപുലപ്പെട്ടപ്പോൾ, വാണിജ്യ പ്രസാധകർ ക്രമേണ ശാസ്ത്രീയ ഗവേഷണത്ത് കൂടുതൽ ശ്രദ്ധപതിപ്പിച്ചു. വിപണിയിൽ പ്രവേശിച്ചശേഷം കൂടുതൽ ആധിപത്യം പുലർത്തുകയും, പ്രസിദ്ധീകരിക്കുന്ന ശാസ്ത്രപ്രബന്ധങ്ങളുടെ പകർപ്പവകാശം ആവശ്യപ്പെട്ടു തുടങ്ങകുയും ചെയ്തു. പ്രസിദ്ധീകരണത്തിന്റെ ഒരു വ്യവസ്ഥയായി പ്രസാധകർക്ക് പകർപ്പവകാശം കൈമാറ്റം ചെയ്യേണ്ടി വരുന്നത് ആശ്വാസ്യകരമായ കാര്യമല്ല. പൊതു ധനസഹായത്തോടെയുള്ള ഗവേഷണ ഫലങ്ങളെ ഇത് സ്വകാര്യവല്ക്കരിക്കുന്നു. കൂടാതെ ശാസ്ത്രീയ രേഖകൾ ആവശ്യക്കാർക്ക് ലഭിക്കാതെ പോകുവാൻ ഇത് കാരണമാകുന്നു.
71. ഇതിനു പകരമായി കൂടി വന്ന ഒരു സംവിധാനമാണ് ഓപ്പൺ ആക്സസ് ജേർണൽ. ആർട്ടിക്കിൾ പ്രോസസ്സിംഗ് ഫീസ് ഈടാക്കിയാണ് അത്തരത്തിലുള്ള പല പ്രസിദ്ധീകരണങ്ങളും നിലനില്ക്കുന്നത്. ഇവിടെയും പ്രസിദ്ധീകരണ ലാഭത്തിന് കൂടുതൽ പ്രധാന്യം കൊടുക്കുന്നത്, അക്കാദമിക് സമൂഹത്തിന്റെ പങ്കാളിത്തം കുറക്കുന്നതിന് കാരണമാകും.
72. ഗവേഷണ പ്രവർത്തനങ്ങളുടെയും, അവയുടെ പ്രബന്ധങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന കാര്യമാണ് ബാഹ്യ ഗവേഷകർ നടത്തുന്ന അവലോകനം (Peer Review). പക്ഷെ പിയർ റിവ്യൂ പ്രക്രിയ നിലവിൽ ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവലോകനം പലപ്പോഴും ചുരുക്കം ചില വിദഗ്ദ്ധർ മാത്രം നടത്തേണ്ടി വരുന്നു, അവരുടെ സമയക്കുറവു കാരണം ശാസ്ത്രപ്രബന്ധങ്ങളുടെ പ്രസീദ്ധീകരണം വളരെ വൈകുന്നു. അവലോകനത്തിന് എന്തെങ്കിലും പ്രതിഫലമോ പ്രോത്സാഹനമോ ഇല്ലാത്തതും അതിനുള്ള താല്പര്യം കുറക്കുന്നു. ഗവേഷണം വളരുന്നതിനനുസരിച്ച് അവയുടെ ബാഹ്യ അവലോകന സാദ്ധ്യതയും ഉറപ്പാക്കേണ്ടതാണ്.
73. പിയർ റിവ്യൂവിന് മുന്നോടിയായി നല്കുന്ന പ്രിപ്രിന്റുകളുടെ സാദ്ധ്യതകൾ വ്യാപകമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അവ പുതിയ ഗവേഷണങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ വേഗത വർദ്ധിപ്പിക്കുകയും ഗവേഷകർക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
74. ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ ഇൻഡെക്‌സ് ചെയ്‌ത ഡാറ്റാബേസുകൾ ശാസ്ത്രീയ അറിവ് വെളിപ്പെടുത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, എന്നാൽ അവയിൽ മിക്കതും വാണിജ്യ പ്രസാധകരുടെ ഉടമസ്ഥതയിലുള്ളവയാണ്, തങ്ങളുടെ ജേണലുകളെ ഉയർത്തിക്കാട്ടുന്ന പ്രവണത അവർ കാണിക്കുന്നു, കൂടാതെ പുതിയ പ്രസാധകരെ ചേർക്കാൻ വിമുഖതയും കാണിക്കുന്നു. ഇതുമൂലം വികസ്വര രാജ്യങ്ങളിലെ ഗവേഷണങ്ങൾക്ക് വേണ്ടത്ര ശ്രദ്ധകിട്ടാതെ പോകുന്നു.
75. ഗവേഷകരുടെയും, ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടേയും, മൂല്യനിർണ്ണയത്തിന് ഉപയോഗിക്കുന്ന ഒരു മാനദണ്ഡമാണ് ജേർണൽ ഇംപാക്ട് ഫാക്റ്റർ. ഗവേഷകർക്ക് കൂടുതൽ വ്യക്തിഗത പ്രാധാന്യം ഇതിലൂടെ കൊടുക്കുന്നതിനാൽ, അവരുടെ ഗവേഷണ സ്ഥാപനങ്ങളുടെ പ്രാധാന്യം കാണാതെ പോകുകയും ചെയ്യുന്നുണ്ട്. ഗവേഷകരിൽ ഉയർന്ന ഇംപാക്ട് ഫാക്റ്റർ ലഭിക്കാനുള്ള മാനസ്സിക സമ്മർദ്ദം ഇത് കൂട്ടുകയും, കാതലായ ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ശ്രദ്ധ കുറക്കുകയും ചെയ്യുന്നു.
76. ശാസ്ത്രീയ പ്രസിദ്ധീകരണങ്ങൾ രചയിതാക്കളിൽ നിന്നും വായനക്കാരിൽ നിന്നും ഉയർന്ന വില ഈടാക്കുന്നു. ശാസ്ത്ര വിജ്ഞാനത്തിന്റെ ലഭ്യതയിൽ ഇത് ആഗോളതലത്തിൽ വലിയ വിടവുണ്ടാക്കുന്നുണ്ട്. ശാസ്ത്ര പ്രസാധകർ പ്രസിദ്ധീകരണ ചെലവുകൾ വെളിപ്പെടുത്താൻ വിമുഖത കാണിക്കുന്നുണ്ട്. പല ജേണലുകൾക്കും ചിലവുകളേക്കാൾ വളരെ കൂടുതൽ വില ഈടാക്കുന്നുണ്ട്. ഇതിനു പകരമായി, അമിതമായ വിലകൾ ഒഴിവാക്കുന്ന ഓപ്പൺ ആക്സസിൽ അധിഷ്ഠിതമായ മാതൃകകൾ ആഗോളതലത്തിൽ രൂപപ്പെട്ടിട്ടുണ്ട്.
77. വൈജ്ഞാനിക സമൂഹത്തിൽ ഗവേഷണ പ്രവർത്തനങ്ങൾക്കായുള്ള പൊതു മുതൽമുടക്ക് വർദ്ധിപ്പക്കേണ്ടതുണ്ട്. കുത്സിതമായ രാഷ്ട്രീയലക്ഷ്യത്തോടെ, ആധുനിക ശാസ്ത്രത്തെ ഒരു വിഭാഗത്തിന്റെ കാലഹരണപ്പെട്ട ചിന്തകളുടെ തുടർച്ചയാണെന്ന് കാണിക്കാനുള്ള ഗവേഷണ അജണ്ട ഇന്ത്യയിലെ
78. മുൻനിര ഗവേഷണസ്ഥാപനങ്ങളിലടക്കം ഇപ്പോൾ നടപ്പിലാക്കുകയാണ്. ഇതിനെ ശക്തിയുക്തം ഏതിർക്കപ്പെടേണ്ടതാണ്.
79. അറിവിന്റെ വളച്ചുകെട്ടലിനായി പകർപ്പാവകാശ സമ്പ്രദായം ഇന്ന് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു. എഴുത്തുകാരന്റെ സൃഷ്ടിയുടെ ഉടമസ്ഥത ഉറപ്പാക്കുക എന്നതിൽ നിന്നാണ് പകർപ്പവകാശ നിയമം ഉത്ഭവിച്ചത്. എന്നാൽ അതിന്റെ ഗുണം എഴുത്തുകാരന് കിട്ടുന്നതിന് പകരം പ്രസാധകരുടെ സാമ്പത്തിക താൽപര്യങ്ങളുടെ സംരക്ഷണത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. എഴുത്തുകാരന്റെ ബൗദ്ധികാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഒരു സൃഷ്ടിയുടെ വിതരണവും സൃഷ്ടിയിൽ മാറ്റം വരുത്തി ഉപയോഗിക്കാനുള്ള അവകാശവും സമൂഹത്തിന് അനുവദിക്കുന്നതോടൊപ്പം‌ മാറ്റം വരുത്തിയ സൃഷ്ടിയുടെ സ്വതന്ത്ര ഉപയോഗത്തിനായുള്ള വിതരണവും ഉറപ്പു വരുത്തുന്ന ഒരു രീതിയാണ് പകർപ്പുപേക്ഷ. ഒരു സൃഷ്ടി ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ സൃഷ്ടികളും പകർപ്പുപേക്ഷ വഴി സംരക്ഷിക്കപ്പെട്ടിരിക്കണമെന്ന നിബന്ധനയോടെ, അതിന്മേലുള്ള അവകാശം പൂർണ്ണമായി പൊതുസമൂഹത്തിനു വിട്ടുകൊടുക്കുന്ന അറിവിന്റെ സാമൂഹികവൽക്കരണം സാദ്ധ്യമാക്കുന്ന ഈ സമ്പ്രദായത്തിന് ഇന്ന് സ്വീകാര്യത വർദ്ധിച്ചു വരുന്നു.

വ്യവസായ രംഗം

80. വൈ‍‍ജ്ഞാനിക സമൂഹത്തിൽ വ്യവസായിക ഉല്പാദനത്തിന്റെ വലിയ പങ്കും വഹിക്കേണ്ടി വരിക ചെറുകിട, ഇടത്തരം സംരംഭകരായിരിക്കും. ഇവരിലൂടെ സാമൂഹ്യസംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത്, പല പൊതുപ്രശ്നങ്ങൾക്കും വേഗത്തിൽ അനുയോജ്യമായ പരിഹാരം കണ്ടെത്താൻ സഹായിക്കും. ഇതിനായി വ്യവസായ സ്ഥാപനങ്ങളും, ഗവേഷണ സ്ഥാപനങ്ങളും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ വിഭവങ്ങൾ പങ്കുവെച്ച് സഹകരണത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്.
81. വൈ‍‍ജ്ഞാനിക സമൂഹത്തിന് പാതയൊരുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഐ.ടി വ്യവസായമാണ്. എന്നാൽ രാജ്യത്തെ ആഭ്യന്തര ഐ.ടി വ്യവസായത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും വിദേശത്ത് നിന്ന് വരുന്ന ഹാർഡ്‌വെയറും സോഫ്‌റ്റ്‌വെയറുമാണ്. സോഫ്‌റ്റ്‌വെയർ സേവനങ്ങളിൽ പത്തിൽ താഴെ ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്ഭവിക്കുന്നത്. അനിയന്ത്രിതമായി തുടരുന്ന ഉദാരവൽക്കരണം ഈ മേഖലയിലെ ആഭ്യന്തര ഉല്പാദകർക്ക് മത്സരത്തിന് അവസരം ഇല്ലാതാക്കുന്നു. അന്താരാഷ്ട്ര കമ്പനികൾക്കായി ആഭ്യന്തര വില്പനക്കാരാകാനെ ഇവിടെയുള്ള ഭൂരിപക്ഷം സ്ഥാപനങ്ങൾക്കും സാധിക്കുന്നുള്ളു. അതിനാൽ, സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്ന വിധത്തിൽ ഈ മേഖലയിലെ കയറ്റുമതി സാദ്ധ്യതകൾ വർദ്ധിപ്പിക്കേണ്ടതുണ്ട്. കമ്പ്യൂട്ടർ ഹാർഡ്‌വെയറിന്റെ മേഖലയിൽ ആഗോളതലത്തിൽ ഏതാനും കുത്തക സ്ഥാപനങ്ങളാണ് ഉല്പാദനം കൈയ്യടക്കി വെച്ചിരിക്കുന്നത്. ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള മൂല്യവർദ്ധന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം.
82. വ്യവസായിക പ്രവർത്തനങ്ങൾ തുണ്ടുവല്ക്കരിച്ച്, കരാറടിസ്ഥാനത്തിൽ നിർവ്വഹിപ്പിച്ച്, അവ സമന്വയിപ്പിച്ചെടുക്കുന്ന കോർപറേറ്റ് പ്രവർത്തനം സങ്കീർണവും സുതാര്യതയില്ലാത്തതുമാണ്. ഇത്തരത്തിൽ വികേന്ദ്രീകരിച്ച് നിർമ്മിക്കുന്ന ഉല്പന്നങ്ങളുടെ യഥാർത്ഥമൂല്യവും, മിച്ചമൂല്യവും, വിജ്ഞാന നിർമ്മിതിയിലെ സാമൂഹികാദ്ധ്വാനവുമൊക്കെ എങ്ങനെ നിർണയിക്കും എന്നതുപോലും അവ്യക്തമാണ്. മുതലാളിത്ത സമ്പദ്ഘടനയുടെ വിപണി രസതന്ത്രം വിശദമായി പരിശോധിക്കേണ്ട വിഷയമാണ്.
83. കുത്തക മൂലധനത്തിന്റെ ഭീഷണിയിൽനിന്നും സർക്കാരിനേയും ജനങ്ങളേയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിലേക്കു് എത്തുവാൻ പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ പ്രവർത്തനം ഇനിയുമേറെ മെച്ചപ്പെടുത്തേണ്ടതുണ്ടു്. കേവലമൊരു തൊഴിൽസ്ഥാപനം എന്നതിലുപരി, സമൂഹത്തിനും, സർക്കാരിനും സാങ്കേതികവും, സാമ്പത്തികവുമായ കെട്ടുറപ്പു് നൽകുവാൻ പൊതുമേഖലാ സ്ഥാപനങ്ങൾക്കു് സാധിക്കണം. കേരളത്തിലെ സാമൂഹ്യ, സാങ്കേതിക, സാമ്പത്തിക ശേഷി ഫലപ്രദമായും, ക്രീയാത്മകമായും, ദുർവ്യയം ചെയ്യാതേയും ഉപയോഗിച്ചും, വൈദേശിക ആശ്രിതത്വം (ചരടുകളില്ലാത്ത സാങ്കേതിക-സാമ്പത്തിക സഹകരണം ആകാം, സ്ഥായിയായ ആശ്രിതത്വം ഒഴിവാക്കപ്പെടണം) പരിമിതപ്പെടുത്തിക്കൊണ്ടും മാത്രമേ, ഇതു് സാദ്ധ്യമാകുള്ളു.
84. ഉല്പാദനവും ഉല്പാദനക്ഷമതയും ഉയർത്തുന്നതിലും മുല്യവർദ്ധന ഉറപ്പാക്കുന്നതിലും പൊതുമേഖലാ സ്ഥാപനങ്ങൾ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടു്. മുല്യവർദ്ധന ഉറപ്പാക്കിക്കൊണ്ടുമാത്രമെ സ്ഥായിയായ പ്രവർത്തനമികവു് സാദ്ധ്യമാകുള്ളു. പൊതുവ്യവസായ സ്ഥാപനങ്ങൾ വിപണിയിലെ കേവലം ഇടനിലക്കാരെന്ന നിലയിൽ പ്രവർത്തിക്കുന്നതു് മൂലം വിറ്റുവരവു് നിലനിർത്താൻ പറ്റുമെങ്കിലും അതു് സ്ഥായിയായി നിലനിൽക്കില്ല. ഇടനിലക്കാരെന്ന നിലയിലുള്ള പ്രവർത്തനം സ്ഥാപനത്തിന്റെ സ്വതന്ത്രമായ സാങ്കേതിക സ്വാംശീകരണത്തേയും വൈദഗ്ദ്ധ്യ പോഷണത്തേയും ദീർഘകാല താല്പര്യങ്ങളേയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

ആരോഗ്യ രംഗം

85. ആരോഗ്യസംരക്ഷണം ലക്ഷ്യമാക്കിയുള്ള എല്ലാ സംവിധാനങ്ങൾക്കും ഇന്ന് വളരെ അത്യാവശ്യമായ കാര്യമാണ് വിപുലമായ വിവരശേഖരം അഥവാ ബിഗ്ഡാറ്റ. വിവരങ്ങളുടെ ഘടന, തരം, ലഭ്യമായ സാഹചര്യം എന്നിവയിലെ വൈവിദ്ധ്യങ്ങൾ കാരണം, ആരോഗ്യസംബന്ധമായ വിവരങ്ങൾ പരമ്പരാഗത ഡാറ്റാബേസുകളിൽ സംഭരിക്കുന്നത് പ്രയാസമുള്ള കാര്യമാണ്, അതിനാൽ അ വിവരങ്ങൾ വിശകലനം ചെയ്യുന്നതിന് ബിഗ്ഡാറ്റ പശ്ചാത്തല സൗകര്യങ്ങൾ ആവശ്യമാണ്.
86. മറ്റേത് രംഗത്തേയുമെന്നപോലെ ആരോഗ്യരംഗത്തേയും ആസൂത്രകരും നേരിടുന്ന ഒരു പ്രശ്നമാണ് തെറ്റില്ലാത്തതും, പരിശോധിക്കാവുന്നതുമായ വിവരങ്ങളുടെ ലഭ്യത. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം, പൊതുസമൂഹവും വലിയ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ അവ വളരണമെങ്കിൽ വിപുലമായ വിവരശേഖരണത്തിന്റെ ആവശ്യമുണ്ട്. എന്നാൽ തങ്ങളുടെ പക്കലുള്ള വിവരങ്ങൾ പങ്കുവെക്കുന്നതിൽ, ആരോഗ്യരംഗത്തെ സ്ഥാപനങ്ങളും, പ്രവർത്തകരും വിമുഖത കാട്ടുന്നുണ്ട്, ലാഭക്കൊതിയോടെ ചില വൻകിട സ്ഥാപനങ്ങളും, ആക്രമണോത്സുകതയോടെ ചില രഹസ്യാന്വേഷണ സ്ഥാപനങ്ങളും വൻ തോതിൽ ജനങ്ങളുടെ വിവരം ശേഖരിച്ച് ദുരുപയോഗം ചെയ്യുന്നത് പൊതുജനങ്ങളിൽ പ്രകോപനമുണ്ടാക്കുന്നുണ്ട്. വിവരശേഖരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലൂടെ അനേകരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന കാര്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. ഓപ്പൺ ഡാറ്റയായി വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെ വിവരങ്ങളുടെ ദുരുപയോഗവും, രഹസ്യനിരീക്ഷണങ്ങളും വലിയൊരളവിൽ തടയാനാകും.
87. ആരോഗ്യ വിവരങ്ങളുടെ സ്വതന്ത്രവും, സുതാര്യവുമായ പങ്കുവെപ്പും, ഉപയോഗവും ചെയ്യേണ്ടുന്നതിന്റെ പ്രാധാന്യം കോവിഡ് മഹാമാരിയെ തുടർന്ന് സമൂഹത്തിനാകെ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മരുന്നോ, പ്രതിരോധമരുന്നോ കണ്ടുപിടിക്കപ്പെട്ടില്ലാത്ത ഇത്തരം മഹാമാരികൾ ഭീഷണിയായി തന്നെ നിലനില്ക്കും എന്ന ധാരണയിലാണ് വിവിധ സർക്കാരകളും, ലോകാരോഗ്യ സംഘടനയുമൊക്കെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗവ്യാപനത്തിന്റെ സവിശേഷതകളും, ചടുലതയും പഠിക്കേണ്ടത്, ഭാവിയിലേക്കുള്ള ആരോഗ്യാസൂത്രണത്തിന് അത്യാവശ്യമുള്ള കാര്യമാണ്. ഒരു രാഷ്ട്രതിർത്തിയേയും മാനിക്കാത്ത രോഗം പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യസംരക്ഷണ നടപടികൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ, അതതു സർക്കാർ മാത്രം കൈകാര്യം ചെയ്താൽ മതിയാവില്ല. മഹാമാരികളെ പ്രതിരോധിക്കാനായി ഉപയോഗപ്പെടുത്താവുന്ന വിവരശേഖരം ഒരു പ്രദേശത്തിന്റെ അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്തപ്പെടേണ്ടവയല്ല.
88. ദിനചര്യകൾ, ഭക്ഷണക്രമങ്ങൾ, ശാരീരികവിവരങ്ങൾ തുടങ്ങിയവയൊക്കെ സൂക്ഷിക്കാൻ പ്രാപ്തരാക്കുന്ന ആരോഗ്യ ആപ്പുകളുടെ വർദ്ധനയോടെ, ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ഈ സേവനദാതാക്കളുടെ കൈയ്യിലായി തുടങ്ങി. ഈ ആപ്പുകളിൽ മിക്കവയുടെയും ഫലങ്ങളും വിശകലനങ്ങളും യഥാർത്ഥ മെഡിക്കൽ അറിവിനേക്കാൾ അൽഗോരിതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അനധികൃതമായി ഡാറ്റ പങ്കിടുന്നതിന് പുറമേ, ഈ ആപ്പുകൾ ഉപയോക്താക്കൾക്ക് വ്യത്യസ്‌ത ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്നതിനും ഇടയാക്കും.
89. വ്യക്തമായമായ ഒരു വിവര നയം രൂപീകരിക്കുകയും, അതിന്റെ അടിസ്ഥാനത്തിലുള്ള മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പാലിച്ച് വിവരം ഒപ്പൺഡാറ്റയായി പങ്കുവെക്കാനുള്ള ഒരു സമീപനം
90. സ്വീകരിക്കണം. വ്യക്തിഗത സുരക്ഷയെ കൂടി പരിഗണിച്ചുവേണം എതൊക്കെ വിവരങ്ങൾ പങ്കുവെക്കാം എന്ന മാർഗ്ഗ നിർദ്ദേശങ്ങൾ രൂപീകരിക്കേണ്ടത്. ആരോഗ്യ പ്രവർത്തനത്തിലെ സുതാര്യത, ആരോഗ്യ നയരൂപീകരണത്തിലും, പ്രവർത്തനത്തിലും പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കുമാനും ആരോഗ്യരംഗത്തെ സ്ഥാപനങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കുന്നതിനും ഓപ്പൺ ഡാറ്റ സഹായിക്കും.

കാർഷികരംഗം

91. ലോകത്തെ 50 കോടിയിലേറെ കൃഷിയിടങ്ങളിൽ 80 ശതമാനവും കൈകാര്യം ചെയ്യുന്നത് ചെറുകിട കർഷകരാണ്. വികസ്വര രാജ്യങ്ങളിലെ ഭക്ഷ്യവസ്തുക്കൾ 80 ശതമാനത്തിലധികം ഉല്പാദിപ്പിക്കുന്നതും ഇവരാണ്. ലോകത്ത് ദാരിദ്ര്യം കുറക്കാനും, ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇവർ ഗണ്യമായ സംഭാവന ചെയ്യുന്നു. എന്നാൽ ആഗോളികരിക്കപ്പെട്ട വിപണിയിൽ വൻകിട വാണിജ്യസ്ഥാപനങ്ങളുമായി ഇവർക്ക് ഒറ്റക്കൊറ്റയ്ക്ക് മത്സരിക്കുവാൻ സാധിക്കുന്നില്ല. വിപണിയിലെ ഇടനിലക്കാർ വലിയ ലാഭംകൊയ്യുമ്പോഴും, ഉല്പന്നങ്ങൾക്ക് മിക്കപ്പോഴും ന്യായമായ വില കർ‍ഷകർക്ക് ലഭിക്കുന്നില്ല. കൃഷിരീതികളിൽ കാലീകമായ പുതുക്കൽ വരുത്തുവാൻ അവർക്ക് സാധിക്കുന്നില്ല.
92. കാർഷികമേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട്. ചെറുകിട ഇടത്തരം കർഷകർക്ക് ഈ വിദ്യകൾ അവരുടെ താല്പര്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിച്ചാൽ, സമൂഹത്തിലെ കാർഷിക ഉല്പാദനം കൂട്ടാനും, ഭക്ഷ്യസുരക്ഷയും, സ്വാശ്രയത്വവും ഉറപ്പാക്കാനും സാധിക്കും. ഇപ്പോഴത്തെ ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾ നിലവിലുള്ള കാർഷിക രീതികളെയാകെ മറ്റിമറിക്കുന്നുണ്ട്. അത് കാർഷികരംഗത്തെ മുന്നേറ്റത്തിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അവയുടെ നീതിപൂർവ്വകമായ പ്രയോഗം വലിയൊരു വെല്ലുവിളിയാകുന്നുണ്ട്. ബഹുഭൂരിപക്ഷം വരുന്ന സാമാന്യ ജനവിഭാഗത്തെ കൂടി പ്രവർത്തനത്തിൽ പങ്കാളികളാക്കിക്കൊണ്ട് മാത്രമെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നീതിപൂർവ്വകമായ പ്രയോഗം സാദ്ധ്യമാകൂ.
93. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിൽ ബോധപൂർവ്വമായ ഇടപെടൽ നടത്തി, അവയെ തങ്ങൾക്ക് അനുകൂലമാക്കാനും, അതുവഴി, മികച്ച സാമൂഹ്യ മാറ്റങ്ങള്‍ക്കു് തുടക്കമിടാനും ചെറുകിട കർഷകരുടെ സഹകരണസംഘങ്ങൾക്ക് സാധിക്കും. അതിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി, തങ്ങളുടെ കൃഷിരീതികൾ പുതുക്കിയും അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഉല്പാദനം കൂട്ടാനും, സംഭരണശേഷി വർദ്ധിപ്പിച്ചും, വിപണി വിവരങ്ങൾ ശേഖരിച്ച്, മെച്ചപ്പെട്ട തീരുമാനമെടുത്തും, മൂല്യവർദ്ധനവ് നടത്തിയും അതുവഴി ഇടനിലക്കാരെ ഒഴിവാക്കാനും, വിപണിയിൽ മേൽക്കൈ നേടാനും ചെറുകിട കർഷകരുടെ വിള അടിസ്ഥാനത്തിലുള്ള സഹകരണ കൂട്ടായ്മകൾക്ക് സാദ്ധ്യമാണ്. കാർഷിക രംഗത്ത്, സുതാര്യത, സമന്വയം, ന്യായബോധം എന്നിവയിൽ അധിഷ്ഠിതമായി, ബാഹ്യാശ്രിതത്വമില്ലാതെ, ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിച്ച്, പരസ്പരവിശ്വാസത്തോടെ, പങ്കാളികളുടെയാകെ താല്പര്യത്തിനായി പ്രവർത്തിക്കുന്ന, ആനുകൂല്യങ്ങളുടെ നീതിപൂർവ്വകമായ വിതരണം സാദ്ധ്യമാക്കുന്ന സഹകരണകൃഷി വ്യാപകമാകേണ്ടതുണ്ട്.

പരിസ്ഥിതി സംരക്ഷണം

94. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണു്. ആസൂത്രിതമായ, കൂട്ടായ, പരിശ്രമത്തിലൂടെ പ്രകൃതിയെത്തന്നെ മാറ്റിത്തീർക്കാൻ കഴിവു് നേടിയാണു് മനുഷ്യസമൂഹം ഇന്നത്തെ നില കൈവരിച്ചതു്. പ്രകൃതി വിഭവങ്ങളാണു് മാനവസമൂഹത്തിന്റെ ജീവിതോപാധികള്‍. സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും സുസ്ഥിതി ഉറപ്പു് വരുത്താനും ആവശ്യമായ വിഭവങ്ങളുടെ ഉല്പാദനത്തിലൂടെയാണ് വികസനം നടക്കേണ്ടത്. കമ്പോളത്തിൽ ആധിപത്യം ചെലുത്തുന്നവരുടെ ലാഭ താല്പര്യമോ, കാലഹരണപ്പെട്ട ശക്തികളുടെ നിലനില്പോ ലക്ഷ്യം വെച്ചു്, എന്തും ഉല്പാദിപ്പിച്ചു് കൂട്ടി സമൂഹത്തേയും പ്രകൃതിയേയും കൊള്ളയടിച്ചു് പരിസ്ഥിതിയും സംസ്കാരവും മലീമസമാക്കുന്നതാകരുത് വികസനം. പ്രകൃതി വിഭവങ്ങളെ
95. ഫലപ്രദമായി ഉപയോഗിക്കുകയും, എന്നാൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ താറുമാറാക്കതെ സംരക്ഷിക്കുകയുമെന്നത് സമൂഹത്തിന്റെ പുരോഗതിക്കും, സുസ്ഥിരമായ നിലനില്പിനും ആവശ്യമാണു്.
96. ബദൽ മാതൃകകള്‍ക്കുള്ള അന്വേഷണത്തോടൊപ്പം അത്തരം ബദലുകളുടെ ആവശ്യവും സാദ്ധ്യതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, അതിനനുസരിച്ച മനോഭാവമാറ്റം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള അടിസ്ഥാന ബോധവല്ക്കരണം വ്യാപകമായി നടത്തേണ്ടതുണ്ട്.
97. കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും മനുഷ്യരുടെയും പ്രകൃതിയുടെയും തന്നെ നിലനില്പിനു ഭീഷണിയായിരിക്കെ, വൻനാശത്തിലേക്കു നയിക്കുന്ന മുതലാളിത്തത്തിന്റെ വിനാശകരമായ വികസന മാതൃകക്ക് പകരമായി ജനപക്ഷ ബദൽ വികസിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ആഗോളതാപനം മൂലം മുങ്ങാനിടയുള്ള പ്രദേശങ്ങൾ സംരക്ഷിക്കാനുള്ള പദ്ധ്വതികൾ മുൻഗണനയോടെ നടപ്പിലാക്കേണ്ടതുണ്ട്.

സാംസ്കാരിക രംഗം

98. ചിന്തിക്കാനും, സംവേദിക്കാനുമുള്ള സ്വാഭാവിക മാദ്ധ്യമം മാതൃഭാഷയാണ്. വിജ്ഞാനത്തിന്റെ സ്വാംശീകരണത്തിനും പങ്കവെപ്പിനും, രൂപീകരണത്തിനുമുള്ള മാദ്ധ്യമവും അതുതന്നെയാകുന്നതാണ് ഉചിതം. ആധുനിക ലോകത്തും വിവര സാങ്കേതിക വിദ്യയിലും വൈജ്ഞാനിക മേഖലയിലും വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന രാഷ്ട്രങ്ങളിൽ മാതൃഭാഷ തന്നെ പ്രധാന മാദ്ധ്യമമായി വർത്തിക്കുന്നു. എന്നാൽ ഇന്ത്യയിൽ വൈജ്ഞാനിക മേഖലയിൽ മാതൃഭാഷയുടെ സാദ്ധ്യതകൾ വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തുന്നില്ല. ഇത് അറിവ് സാധാരണ ജനങ്ങൾക്ക് അപ്രാപ്യമാക്കുയും, അറിവിന്റെ ലഭ്യതയിൽ സമൂഹത്തിൽ വലിയ വിടവുണ്ടാക്കുകയും ചെയ്യുന്നു.
99. ശാസ്ത്രീയ സമീപനത്തിലൂടെ, അന്ധവിശ്വാസങ്ങളെയും അസഹിഷ്ണുതയെയും ചെറുത്തുകൊണ്ടാണ് വൈജ്ഞാനിക മുന്നേറ്റങ്ങൾ സാദ്ധ്യമായത്. പരിസ്ഥിതിബോധവും ആധുനിക പ്രപഞ്ചവീക്ഷണവുമൊക്കെ രൂപപ്പെട്ടത് ഇത്തരത്തിലാണ്. ശാസ്ത്രബോധവും, യുക്തിചിന്തയും, ചരിത്രബോധം വളർത്തുവാനുള്ള സാസ്കാരിക പ്രവർത്തനങ്ങൾ വ്യാപകമാകേണ്ടതുണ്ട്.
100. ആധുനിക ലോകത്ത്, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ ആത്മാവിഷാകാരത്തിനടക്കം ഒത്തുചേരുന്ന പൊതുവിടങ്ങൾ ഒരുക്കുന്നത് ഇന്റർനെറ്റ് വഴിയാണ്. സുരക്ഷിതമായ ഇന്റർനെറ്റ് എല്ലാവർക്കും അത്യന്താപേക്ഷിതമാണ്. എന്നാൽ ഓൺലൈനിൽ പീഡനത്തിന്റെയും ദുരുപയോഗത്തിന്റെയും വർദ്ധിച്ചുവരുന്ന സംഭവങ്ങളും വിവര സുരക്ഷയിൽ വിട്ടുവീഴ്ചയും ഉണ്ടാകുന്നുണ്ട്,
101. അറിവിന്റെ ജനാധിപത്യപരമായ വികേന്ദ്രീകരണത്തിനും സാമൂഹികാടിസ്ഥാനത്തിലുള്ള ഉല്പാദനത്തിനുമുള്ള ഉപാധികൾ ഇന്റർനെറ്റിന്റെ ഘടനയിൽ തന്നെ ഉൾചേർന്നിരിക്കുന്നതിനാൽ അറിവിന്റെ കുത്തകവൽക്കരണത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഉറപ്പുള്ള പ്രതലമായി ഇന്റർനെറ്റ് മാറിയിട്ടുണ്ട്. ഭരണകൂടങ്ങൾ വിവിധ സമയങ്ങളിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടുകൊണ്ട് തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാനും നിലയുറപ്പിക്കുവാനും ശ്രമിക്കുന്നതായിക്കാണാം. എവിടെയൊക്കെ ഈ സ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ വീഴുന്നുവോ അവിടയൊക്കെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയ സമരമുഖങ്ങൾ തുറക്കപ്പെടുന്നുമുണ്ട്.
102. സാമൂഹിക ശൃംഖലാ സംവിധാനങ്ങൾ വഴി ഇന്റർനെറ്റ് ഉപഭോക്താക്കൾക്കു് നിരവധി സാമൂഹ്യബന്ധങ്ങൾ സൃഷ്ടിക്കുവാൻ കഴിയുന്നു. അറിവിന്റെ സ്വതന്ത്രവും നിർഭയവുമായ പ്രകാശനത്തിന്റെ സാദ്ധ്യതകളായി ഇവ മാറിയിട്ടുണ്ട്. എന്നാൽ ഈ രംഗത്തുള്ള വൻകിട കുത്തകകൾ രഹസ്യമായി സ്വകാര്യ വിവരങ്ങൾ ശേഖരിച്ചു് വിശകലനം ചെയ്തു് പലവിധ ചൂഷണത്തിനായി ഉപയോഗിക്കുന്നതു് ജനങ്ങൾക്കു് ഭീഷണിയുയർത്തുന്നു.