വൻതോതിൽ തൊഴിലില്ലായ്മയ്ക്കും സാമ്പത്തികശോഷണത്തിനും വഴിയൊരുക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതി രാജ്യതാല്പര്യത്തിന് ഉതകുന്ന തരത്തിൽ പുനഃരൂപകല്പന ചെയ്യുക (പ്രമേയം)

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതിയെപ്പറ്റി മന്ത്രിമാരടക്കം ഇതിനകം നടത്തിയ പ്രഖ്യാപനങ്ങൾ ഒന്നും പ്രവർത്തികമായിട്ടില്ലെന്നും അവയ്ക്ക് വിപരീതമായ ദിശയിലാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് കാണുന്നത്. ഇത് നമ്മെ ആശങ്കപ്പെടുത്തുന്നു. നാലുലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടാണ് ഇന്ന് നടക്കുന്നത്. തൊണ്ണൂറ്റിയഞ്ച് ശതമാനം ഇടപാടും പണമായും അഞ്ച് ശതമാനം കാർഡ് വഴിയുമാണ്. ഇത് മുഴുവൻ ഡിജിറ്റൽ ആകുന്നതോടെ എണ്‍പത് ലക്ഷം കോടി രൂപയുടെ വിനിമയമാണ് നടക്കുക. രണ്ടു ശതമാനം ബാങ്കിങ് ചാർജ് തന്നെ വരും 1.6 ലക്ഷം കോടി. ബാങ്കിങ് രംഗത്തെ വിദേശ നിക്ഷേപം നാല്പത്തിയൊമ്പത് ശതമാനമായിരിക്കെ ഇതിൽ പകുതിയും വിദേശത്തേക്ക് ഒഴുകുകയാണ് ചെയ്യുക.

ഡിജിറ്റൽ ഇന്ത്യ യാതാർഥ്യമാക്കാൻ ഡേറ്റാസെന്ററുകളും ഓ.എഫ്.സി. കേബിൾ ശൃംഖലയും ഹാർഡ്‌വെയർ ഉല്പാദനസംവിധാനവും ആവശ്യമാണ്. നിലവിലുള്ളതിന്റെ ഇരുപത്തിയഞ്ച് മടങ്ങാണ് വേണ്ടത്. ഡേറ്റാ സയന്റിസ്റ്റുകൾ, ഡെവലപ്പേഴ്‌സ് തുടങ്ങിയ രംഗങ്ങളിൽ ധാരാളം തൊഴിലുമുണ്ടാകണം. 2020ഓടെ മുപ്പതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിയാണ് പ്രഖ്യാപനം. 97. 5 കോടി മൊബൈൽ ഫോണും പതിനാല് കോടി സ്മാർട് ഫോണും, ഡിജിറ്റൽ ഇന്ത്യ വാരത്തിൽ കേന്ദ്രവും വ്യവസായസ്ഥാപനങ്ങളും പ്രഖ്യാപിച്ചത് 4.5 ലക്ഷം കോടിയുടെ ഉല്പാദനവും 18 ലക്ഷം തൊഴിലുമാണ്. എന്നാൽ അതിനു ശേഷം ജിയോ മാത്രം ഇറക്കുമതി ചെയ്തത് 53 ലക്ഷം സിം കാർഡാണ്! രാജ്യത്തു പുതുതായി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല മാന്ദ്യവും തലതിരിഞ്ഞ നടപടികളും മൂലമുള്ളവ ഗണ്യമായി കുറയുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍, പ്രഖ്യാപിച്ച ഉല്പാദനസംവിധാനമോ തൊഴിലവസരമോ അടിസ്ഥാനസൗകര്യവികസനമോ ഉണ്ടായില്ല. ഉണ്ടായത് PayTM, Ola, Uber തുടങ്ങിയവയുടെ വളര്‍ച്ചയാണ്. ഇന്ത്യന്‍ കമ്പനിയെന്ന് പലരും പ്രചരിപ്പിക്കുന്ന PayTM എന്ന കമ്പനിയുടെ 80% ഓഹരിയും ചൈനയുടെയും അമേരിക്കയുടെയും പക്കലാണ്.

ഫലത്തില്‍, നിലവിലെ മാതൃകയിലൂടെ ഉണ്ടായതെന്താണ്? 0.11% മാസ്റ്റര്‍ കാര്‍ഡിനും വിഅസാ കാര്‍ഡിനും നല്‍കി. 2.5% പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള ചാര്‍ജാണ്. അവിടെയും വിദേശനിക്ഷേപം 49% ആയതിനാല്‍ പകുതിയും അമേരിക്കയുള്‍പ്പടെയുള്ള വിദേശങ്ങളിലേക്കാണ് പോകുന്നത്. എന്നാല്‍ വിദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇതിനനുസരിച്ച് നമുക്ക് ലഭിക്കുന്നില്ല. പലതരം നിയന്ത്രണങ്ങളിലൂടെ അത് ചുരുങ്ങുകയുമാണ്.

ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സുപ്രധാനമാറ്റം 2006ല്‍ ഏറ്റവും ലാഭമുണ്ടാക്കിയത് പെട്രോളിയം കമ്പനികള്‍ ആയിരുന്നുവെങ്കില്‍ 2016ല്‍ ആ സ്ഥാനം സര്‍വെയ്‌ലന്‍സ് കാപ്പിറ്റലിസത്തിന്റെ രംഗത്തുള്ള ആപ്പിളും ആല്‍ഫബെറ്റും (ഗൂഗ്‌ളിന്റെ മാതൃകമ്പനി) മൈക്രോസോഫ്റ്റും ആമസോണും ഫെയ്സ്‌ബുക്കുമായി മാറി എന്നതാണ്. ആഗോള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ കേന്ദ്രം അമേരിക്കയാണ്. ലോകത്തെ ഡേറ്റാ സെര്‍വറുകളും കേന്ദ്രീകരിച്ചിരിക്കുന്നത് ഇതേ മേഖലയിലാണ്. മുഴുവന്‍ അടിസ്ഥാനസൗകര്യവും അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ എല്ലാ വലര്‍ച്ചയും വിഭവധന കേന്ദ്രീകരണവും അവിടെയാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ രെജിസ്റ്റെര്‍ ചെയ്ത 46.8 ദശലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ കിട്ടുവാന്‍ ഒരു പ്രതീക്ഷയുമില്ലാത്ത സാഹചര്യമാണ്. ഇന്‍ഫൊര്‍മേഷന്‍ റ്റെക്നോളജി ഇന്‍വെസ്റ്റ്മെന്റ് റീജ്യണ്‍ (ഐറ്റി നിക്ഷേപമേഖല) ആക്കി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം വീണ്‍വാക്കായി. ഡിജിറ്റല്‍ ഇന്ത്യ വന്‍പരാജയവും ആപത്കരവുമായി.

ഈ സാഹചര്യത്തില്‍, കേന്ദ്രം കൊട്ടിഘോഷിച്ചു നടപ്പാക്കുയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പുനഃരൂപകല്പന ചെയ്യേണ്ടിയിരിക്കുന്നു. മൊബൈല്‍ഫോണ്‍, എല്‍സിഡി സ്ക്രീനുകള്‍, മദര്‍ബോര്‍ഡ്, ചിപ്സെറ്റ് തുടങ്ങിയയുല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ വിപുലമായി തുടങ്ങിക്കൊണ്ടും ഏറ്റവും ആധുനികമായ ഇന്റെര്‍നെറ്റ് കണക്റ്റിവിറ്റി സ്ഥാപിച്ചുകൊണ്ടും തൊഴിലും സാമ്പത്തികവളര്‍ച്ചയും സ്വയംപര്യാപ്തിയും സാധ്യമാക്കുമാറ് യാഥാര്‍ത്ഥ്യബോധത്തോടെയും യുക്തിഭദ്രതയോടെയും പുതിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.