പൊതു ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളും, പൊതുവിവരശേഖരങ്ങളൂം പാഠപുസ്തകങ്ങളും സ്വതന്ത്രലൈസന്‍സില്‍ ഇലക്റ്റ്രോണിക്‍ രൂപങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ബന്ധമാക്കുക (പ്രമേയം)

പൊതുമുതലുപയോഗിച്ച് നിര്‍മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍, ഭാഷാസാങ്കേതികവിദ്യാ പ്രയുക്തികള്‍, പ്രസിദ്ധീകരണങ്ങല്‍, തന്ത്രപ്രധാനമല്ലാത്ത പൊതുവിവരശേഖരങ്ങള്‍, ഉത്തരവുകളും വിജ്ഞാപനങ്ങളൂം ഗസറ്റുമടക്കമുള്ള വിവരങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുമാറ് ഇലക്റ്റ്രോണിക്‍ രൂപങ്ങളില്‍ കൂടി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇവ പുനഃരുപയോഗിക്കുവാനും പ്രചരിപ്പിക്കുവാനും കഴിയുമാറ് സ്വതന്ത്ര ലൈസന്‍സിങ്ങില്‍ (ക്രിയേറ്റീവ് കോമ്മണ്‍സ് പോലുള്ള) ലഭ്യമാക്കണം. ഇന്ന് മേല്പറഞ്ഞ പലവിവരങ്ങളും അത്തരത്തില്‍ ലഭ്യമാക്കുന്നില്ല. പാഠപുസ്തകങ്ങളടക്കമുള്ള ഇത്തരം വിവരങ്ങള്‍ യൂണിക്കോഡില്‍ ലഭ്യമാക്കുന്നത്, ഭിന്നശേഷിവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കടക്കം ശബ്ദം, ലിപി, ബ്രെയ്‌ലി തുടങ്ങിയ രൂപപരിണാമങ്ങള്‍ വരുത്തിയുപയോഗിക്കുവാനും സഹായകമാണ്. അതിനാല്‍ മേല്പറഞ്ഞ വിവരങ്ങളെല്ലാം യൂണിക്കോഡില്‍ ഇലക്റ്റ്രോണിക്കായി സ്വതന്ത്രലൈസന്‍സില്‍ ലഭ്യമാക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് DAKF സംസ്ഥാന കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിക്കുന്നു.