വൻതോതിൽ തൊഴിലില്ലായ്മയ്ക്കും സാമ്പത്തികശോഷണത്തിനും വഴിയൊരുക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതി രാജ്യതാല്പര്യത്തിന് ഉതകുന്ന തരത്തിൽ പുനഃരൂപകല്പന ചെയ്യുക (പ്രമേയം)

കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ പദ്ധതിയെപ്പറ്റി മന്ത്രിമാരടക്കം ഇതിനകം നടത്തിയ പ്രഖ്യാപനങ്ങൾ ഒന്നും പ്രവർത്തികമായിട്ടില്ലെന്നും അവയ്ക്ക് വിപരീതമായ ദിശയിലാണ് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് കാണുന്നത്. ഇത് നമ്മെ ആശങ്കപ്പെടുത്തുന്നു. നാലുലക്ഷം കോടി രൂപയുടെ ഡിജിറ്റൽ ഇടപാടാണ് ഇന്ന് നടക്കുന്നത്. തൊണ്ണൂറ്റിയഞ്ച് ശതമാനം ഇടപാടും പണമായും അഞ്ച് ശതമാനം കാർഡ് വഴിയുമാണ്. ഇത് മുഴുവൻ ഡിജിറ്റൽ ആകുന്നതോടെ എണ്‍പത് ലക്ഷം കോടി രൂപയുടെ വിനിമയമാണ് നടക്കുക. രണ്ടു ശതമാനം ബാങ്കിങ് ചാർജ് തന്നെ വരും 1.6 ലക്ഷം കോടി. ബാങ്കിങ് രംഗത്തെ വിദേശ നിക്ഷേപം നാല്പത്തിയൊമ്പത് ശതമാനമായിരിക്കെ ഇതിൽ പകുതിയും വിദേശത്തേക്ക് ഒഴുകുകയാണ് ചെയ്യുക.

ഡിജിറ്റൽ ഇന്ത്യ യാതാർഥ്യമാക്കാൻ ഡേറ്റാസെന്ററുകളും ഓ.എഫ്.സി. കേബിൾ ശൃംഖലയും ഹാർഡ്‌വെയർ ഉല്പാദനസംവിധാനവും ആവശ്യമാണ്. നിലവിലുള്ളതിന്റെ ഇരുപത്തിയഞ്ച് മടങ്ങാണ് വേണ്ടത്. ഡേറ്റാ സയന്റിസ്റ്റുകൾ, ഡെവലപ്പേഴ്‌സ് തുടങ്ങിയ രംഗങ്ങളിൽ ധാരാളം തൊഴിലുമുണ്ടാകണം. 2020ഓടെ മുപ്പതിനായിരം കോടി ഡോളറിന്റെ ഇറക്കുമതിയാണ് പ്രഖ്യാപനം. 97. 5 കോടി മൊബൈൽ ഫോണും പതിനാല് കോടി സ്മാർട് ഫോണും, ഡിജിറ്റൽ ഇന്ത്യ വാരത്തിൽ കേന്ദ്രവും വ്യവസായസ്ഥാപനങ്ങളും പ്രഖ്യാപിച്ചത് 4.5 ലക്ഷം കോടിയുടെ ഉല്പാദനവും 18 ലക്ഷം തൊഴിലുമാണ്. എന്നാൽ അതിനു ശേഷം ജിയോ മാത്രം ഇറക്കുമതി ചെയ്തത് 53 ലക്ഷം സിം കാർഡാണ്! രാജ്യത്തു പുതുതായി തൊഴിലവസരം സൃഷ്ടിക്കപ്പെട്ടില്ലെന്നു മാത്രമല്ല മാന്ദ്യവും തലതിരിഞ്ഞ നടപടികളും മൂലമുള്ളവ ഗണ്യമായി കുറയുകയുമാണ് ചെയ്തത്. ചുരുക്കത്തില്‍, പ്രഖ്യാപിച്ച ഉല്പാദനസംവിധാനമോ തൊഴിലവസരമോ അടിസ്ഥാനസൗകര്യവികസനമോ ഉണ്ടായില്ല. ഉണ്ടായത് PayTM, Ola, Uber തുടങ്ങിയവയുടെ വളര്‍ച്ചയാണ്. ഇന്ത്യന്‍ കമ്പനിയെന്ന് പലരും പ്രചരിപ്പിക്കുന്ന PayTM എന്ന കമ്പനിയുടെ 80% ഓഹരിയും ചൈനയുടെയും അമേരിക്കയുടെയും പക്കലാണ്.

ഫലത്തില്‍, നിലവിലെ മാതൃകയിലൂടെ ഉണ്ടായതെന്താണ്? 0.11% മാസ്റ്റര്‍ കാര്‍ഡിനും വിഅസാ കാര്‍ഡിനും നല്‍കി. 2.5% പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള ചാര്‍ജാണ്. അവിടെയും വിദേശനിക്ഷേപം 49% ആയതിനാല്‍ പകുതിയും അമേരിക്കയുള്‍പ്പടെയുള്ള വിദേശങ്ങളിലേക്കാണ് പോകുന്നത്. എന്നാല്‍ വിദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ ഇതിനനുസരിച്ച് നമുക്ക് ലഭിക്കുന്നില്ല. പലതരം നിയന്ത്രണങ്ങളിലൂടെ അത് ചുരുങ്ങുകയുമാണ്.

ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സുപ്രധാനമാറ്റം 2006ല്‍ ഏറ്റവും ലാഭമുണ്ടാക്കിയത് പെട്രോളിയം കമ്പനികള്‍ ആയിരുന്നുവെങ്കില്‍ 2016ല്‍ ആ സ്ഥാനം സര്‍വെയ്‌ലന്‍സ് കാപ്പിറ്റലിസത്തിന്റെ രംഗത്തുള്ള ആപ്പിളും ആല്‍ഫബെറ്റും (ഗൂഗ്‌ളിന്റെ മാതൃകമ്പനി) മൈക്രോസോഫ്റ്റും ആമസോണും ഫെയ്സ്‌ബുക്കുമായി മാറി എന്നതാണ്. ആഗോള ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ കേന്ദ്രം അമേരിക്കയാണ്. ലോകത്തെ ഡേറ്റാ സെര്‍വറുകളും കേന്ദ്രീകരിച്ചിരിക്കുന്നത് ഇതേ മേഖലയിലാണ്. മുഴുവന്‍ അടിസ്ഥാനസൗകര്യവും അമേരിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ എല്ലാ വലര്‍ച്ചയും വിഭവധന കേന്ദ്രീകരണവും അവിടെയാണ് സംഭവിക്കുന്നത്. ഇന്ത്യയില്‍ രെജിസ്റ്റെര്‍ ചെയ്ത 46.8 ദശലക്ഷം തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ കിട്ടുവാന്‍ ഒരു പ്രതീക്ഷയുമില്ലാത്ത സാഹചര്യമാണ്. ഇന്‍ഫൊര്‍മേഷന്‍ റ്റെക്നോളജി ഇന്‍വെസ്റ്റ്മെന്റ് റീജ്യണ്‍ (ഐറ്റി നിക്ഷേപമേഖല) ആക്കി ഇന്ത്യയെ മാറ്റുമെന്ന പ്രഖ്യാപനം വീണ്‍വാക്കായി. ഡിജിറ്റല്‍ ഇന്ത്യ വന്‍പരാജയവും ആപത്കരവുമായി.

ഈ സാഹചര്യത്തില്‍, കേന്ദ്രം കൊട്ടിഘോഷിച്ചു നടപ്പാക്കുയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പുനഃരൂപകല്പന ചെയ്യേണ്ടിയിരിക്കുന്നു. മൊബൈല്‍ഫോണ്‍, എല്‍സിഡി സ്ക്രീനുകള്‍, മദര്‍ബോര്‍ഡ്, ചിപ്സെറ്റ് തുടങ്ങിയയുല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ വിപുലമായി തുടങ്ങിക്കൊണ്ടും ഏറ്റവും ആധുനികമായ ഇന്റെര്‍നെറ്റ് കണക്റ്റിവിറ്റി സ്ഥാപിച്ചുകൊണ്ടും തൊഴിലും സാമ്പത്തികവളര്‍ച്ചയും സ്വയംപര്യാപ്തിയും സാധ്യമാക്കുമാറ് യാഥാര്‍ത്ഥ്യബോധത്തോടെയും യുക്തിഭദ്രതയോടെയും പുതിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചു നടപ്പാക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

ഇ-ഗവേണന്‍സുമായി ബന്ധപ്പെട്ട് കപ്പാസിറ്റി ബില്‍ഡിങ്ങ് (പ്രമേയം)

മറ്റെല്ലാ മേഖലകളുമെന്നത് പോലെ പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും വിവരസാങ്കേതികവിദ്യ വ്യാപകമാവുകയും പലപ്പോഴും സ്ഥാപനത്തിന്റെ core area of operationന്റെ ഭാഗമായി മാറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ഇഗവേണന്‍സ് പരിപാടികള്‍ വിജയകരമായി നടപ്പാക്കുവാന്‍ കഴിയുന്ന തരത്തില്‍ ഉടമസ്ഥാവകാശമെടുക്ക്വുആന്‍ ആ സ്ഥാപനങ്ങള്‍ക്കും അവിടത്തെ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ അടിസ്ഥാനമാക്കി മുന്നോട്ടു കൊണ്ടുപോകുവാന്‍ സാങ്കേതികസഹായം കൊടുക്കുന്നതിന് കഴിയുന്നവരുടെ ഒരു വിവരശേഖരം ഇല്ലാത്തതിനാല്‍ പലപ്പോഴും കുത്തകസോഫ്റ്റ്‌വെയറുകളുടെ പിടിയിലേക്ക് പോകുന്നു. സോഫ്റ്റ്‌വെയര്‍ വികസനത്തിനാവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന് പോലും സ്ഥാപനങ്ങള്‍ക്ക് കഴിയാത്ത അവസ്ഥയില്‍ കമ്പനികള്‍ തന്നെ ഇഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥയും നിലവിലുണ്ട്.

വിവിധ സര്‍വീസ് സംഘടനകള്‍, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് വിവിധസ്ഥാപനങ്ങളിലെ ഇഗവേണന്‍സിന്റെ ഇന്നത്തെ അവസ്ഥയെന്തെന്ന വിവരം ശേഖരിക്കണം. അതുപോലെതന്നെ, ഈ സംഘടനകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇഗവേണന്‍സ് ഓണര്‍ഷിപ്പ് എടുക്കാന്‍ കഴിയുന്ന തരത്തില്‍ കപ്പാസിറ്റി ബില്‍ഡിങ്ങ് നടത്തണം. ഗവേണന്‍സിന് സാങ്കേതികസഹായം നല്‍കുവാന്‍ തദ്ദേശീയരായ വിദഗ്ദ്ധരുടെയും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സംരംഭങ്ങളുടെയും ഒരു വിവരശേഖരം നിര്‍മിക്കണം.

സര്‍ക്കാര്‍ ഓഫീസുകള്‍ സ്വതന്ത്രസോഫ്റ്റ്‌‌വെയര്‍വല്‍ക്കരിക്കുവാന്‍ മിഷന്‍ അടിസ്ഥാനത്തില്‍ നടപടികള്‍ വേണം. നിലവിലുള്ള കുത്തകസോഫ്റ്റ്‌വെയറുകള്‍ക്ക് നിലവില്‍ സ്വതന്ത്രബദലുകളുണ്ടോ എന്ന് പരിശോധിക്കുകയും ഓരോ ഓഫീസിലേക്കുമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ട സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ പട്ടിക തയ്യാറാക്കുകയും വേണം. നിലവില്‍ സ്വതന്ത്രബദലുകള്‍ ഇല്ലാത്ത സോഫ്റ്റ്‌വെയറുകളുടെ ബദലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുവാനുള്ള സാധ്യതകള്‍ ആരായണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ തീവ്രപരിശീലനം നല്‍കണം. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ഇണക്കമുള്ള (free software compliant) ഹാര്‍ഡ്‌വെയറുകള്‍ കണ്ടെത്തുകയും സര്‍ക്കാര്‍ ഓഫീസുകളില്‍ ഇവ മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കര്‍ഷിക്കുകയും വേണം

E-governance

.

സമഗ്ര ‘വിവരനയം’ (Data Policy) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കണം (പ്രമേയം)

വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം ഭീമവിവരശേഖരങ്ങള്‍ (Big Data) സൃഷ്ടിക്കുകയും അവയുടെ വിശകലനവും അവ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങളും സാധാരണമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരുവിധ നൈതികയ്ക്കും നിയന്ത്രണത്തിനും വിധേയമാകാതെ വിപല്‍ക്കരമായ ആവശ്യങ്ങള്‍ക്കും കുത്തകക്കമ്പനികളുടെ ലാഭമിരട്ടിപ്പിക്കലിനും ഒക്കെ നിലവില്‍ ഇതുപയോഗിക്കപ്പെടുകയാണ്. ഗൂഗ്‌ള്‍ പോലെയുള്ള സെര്‍ച് എഞ്ചിനുകളും, ഫെയ്സ്‌ബുക്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങളും വ്യക്തിഗതവിവരങ്ങളും, വ്യക്തികളുടെ സ്വഭാവസവിശേഷതകളും അഭിരുചികളും വരെ അനുവാദമില്ലാതെ ചോര്‍ത്തി, സ്വകാര്യതയ്ക്ക് ഒരു ബഹുമാനവും കല്പിക്കാതെയും മേല്പറഞ്ഞതരം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. അത്യന്തം ആപത്കരവും ജനാധിപത്യവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണിത്. ഇത് പൗരരുടെ അഭിപ്രായപ്രകടനത്തിനും ചിന്തയ്ക്കും ആഹാരത്തിനും വസ്ത്രധാരണത്തിനും സംഘടിക്കാനും പ്രതിഷേധിക്കുവാനുമെല്ലാമുള്ള അവകാശങ്ങള്‍ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലേക്കിതെത്തിച്ചേരുമെന്നത് ഇന്ന് കേവലമൊരു ഉത്കണ്ഠയല്ല. ആധാര്‍ പോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴിയും ഇത്തരം വിവരചോരണം നടക്കുന്നു. വ്യക്തിഗതവിവരങ്ങള്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്ന സ്ഥിതി പോലും സംജാതമായത് നാം കണ്ടു. സ്വകാര്യസ്ഥാപനങ്ങളുടെ വിവരശേഖരങ്ങളൂമായി ഇവ ബന്ധപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിയും അതീവഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, സമൂഹത്തിന്റെ പുരോഗതിക്കായി ഈ ഭീമവിവരശേകരവും വിവരവിശകലനസാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുവാന്‍ നാം തയ്യാറായിട്ടില്ല. അതിനാല്‍, സ്വകാര്യതയുള്‍പ്പടെയുള്ള വ്യക്ത്യാവകാശങ്ങള്‍ സംരക്ഷിച്ച്, വ്യക്തിഗതവിവരചോരണം തടഞ്ഞും ഭീമവിവരശേഖരങ്ങളുടെ വികസനവും ഉപയോഗവും നിയന്ത്രിച്ചും സമൂഹത്തിന്റെ വിശാലതാല്പര്യങ്ങള്‍ അഭിസംബോധന ചെയ്തുമുള്ള ഒരു സമഗ്രവിവരനയം കൊണ്ടുവരണമെന്ന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

പൊതു ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണങ്ങളും, പൊതുവിവരശേഖരങ്ങളൂം പാഠപുസ്തകങ്ങളും സ്വതന്ത്രലൈസന്‍സില്‍ ഇലക്റ്റ്രോണിക്‍ രൂപങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ബന്ധമാക്കുക (പ്രമേയം)

പൊതുമുതലുപയോഗിച്ച് നിര്‍മിക്കുന്ന സോഫ്റ്റ്‌വെയറുകള്‍, ഭാഷാസാങ്കേതികവിദ്യാ പ്രയുക്തികള്‍, പ്രസിദ്ധീകരണങ്ങല്‍, തന്ത്രപ്രധാനമല്ലാത്ത പൊതുവിവരശേഖരങ്ങള്‍, ഉത്തരവുകളും വിജ്ഞാപനങ്ങളൂം ഗസറ്റുമടക്കമുള്ള വിവരങ്ങള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുവാന്‍ കഴിയുമാറ് ഇലക്റ്റ്രോണിക്‍ രൂപങ്ങളില്‍ കൂടി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇവ പുനഃരുപയോഗിക്കുവാനും പ്രചരിപ്പിക്കുവാനും കഴിയുമാറ് സ്വതന്ത്ര ലൈസന്‍സിങ്ങില്‍ (ക്രിയേറ്റീവ് കോമ്മണ്‍സ് പോലുള്ള) ലഭ്യമാക്കണം. ഇന്ന് മേല്പറഞ്ഞ പലവിവരങ്ങളും അത്തരത്തില്‍ ലഭ്യമാക്കുന്നില്ല. പാഠപുസ്തകങ്ങളടക്കമുള്ള ഇത്തരം വിവരങ്ങള്‍ യൂണിക്കോഡില്‍ ലഭ്യമാക്കുന്നത്, ഭിന്നശേഷിവിഭാഗങ്ങളില്‍ പെടുന്നവര്‍ക്കടക്കം ശബ്ദം, ലിപി, ബ്രെയ്‌ലി തുടങ്ങിയ രൂപപരിണാമങ്ങള്‍ വരുത്തിയുപയോഗിക്കുവാനും സഹായകമാണ്. അതിനാല്‍ മേല്പറഞ്ഞ വിവരങ്ങളെല്ലാം യൂണിക്കോഡില്‍ ഇലക്റ്റ്രോണിക്കായി സ്വതന്ത്രലൈസന്‍സില്‍ ലഭ്യമാക്കുന്നത് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാനസര്‍ക്കാരിനോട് DAKF സംസ്ഥാന കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിക്കുന്നു.