Data breaching by Social Media companies

കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ടന്‍സി കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ, വിശിഷ്യാ ഫെയ്സ്‌ബുക്കിലൂടെ, അതിന്റെ ഉപയോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി, അത് ഉപയോക്താക്കളുടെ സ്വതന്ത്രചിന്താശേഷിയെ ദുര്‍ബലപ്പെടുത്തുവാനും അതുവഴി അവരെടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുവാനും ഉപയോഗപ്പെടുത്തുന്നു എന്ന വാര്‍ത്ത ഏറെ ആശങ്കാജനകമാണ്. സാങ്കേതികവിദ്യയുടെ ദുരുപയോഗമോ,  വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണം മാത്രമായിട്ട് ഇതിന് ചുരുക്കിക്കാണരുത്. ആധുനികജനാധിപത്യസങ്കല്പങ്ങളെയും അതിന്റെ ഭാവിയെ തന്നെയും അട്ടിമറിക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയാണിത്.

തേഡ് പാര്‍ടി ആപ്പുകള്‍ ഉപയോഗിച്ചാണ് കേംബ്രിഡ്ജ് അനലിറ്റിക്കയും സമാനമായ, ഇതുവരെയും പിടിക്കപ്പെടാത്ത, സംരഭങ്ങളും ഉപയോക്താക്കളുടെ വിവരങ്ങള്‍ മോഷ്ടിച്ചത്. ഫെയ്‌ബുക്കിന്റെ രൂപകല്പനയിലെ പാളിച്ചകളും സ്വകാര്യതാനയങ്ങള്‍ നിര്‍വചിച്ചിരിക്കുന്നതിലെ അവധാനതക്കുറവും ഈ വിവരചോരണത്തിനുള്ള സാധ്യതകളും അവസരങ്ങളും വര്‍ദ്ധിപ്പിച്ചു. ഉദാഹരണത്തിന്, ഒരു ഉപയോക്താവ് ഇത്തരമൊരു തേഡ് പാര്‍ടി ആപ്പിന് അനുമതി നല്‍കുകയാണെങ്കില്‍ അയാളുടെ ഫ്രെന്‍ഡ്സ് ലിസ്റ്റിലുള്ള എല്ലാവരുടെയും വിവരങ്ങള്‍, അവരുടെ അനുമതിയോ അറിവോ കൂടാതെ, ചോര്‍ത്തിക്കൊണ്ട് പോകുവാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ഈയടുത്ത കാലം വരെയും ഫെയ്സ്‌ബുക്കിന്റെ സ്വകാര്യതാനയങ്ങള്‍.

ഓരോ ഉപയോക്താക്കളുടെയും വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം അവ അതിനൂതനമായ ഗണിതശാസ്ത്രമാതൃകകളും മനഃശാസ്ത്രസിദ്ധാന്തങ്ങളുമുപയോഗിച്ച് അവലോകനം ചെയ്യുകയും ഉപയോക്താക്കളുടെ മനഃശാസ്ത്രരൂപരേഖ (psychological profile) തയ്യാറാക്കും. പലപ്പോഴും ഇത്തരം വിവരശേഖരണങ്ങള്‍ക്ക് ഉപയോക്താക്കളുടെ അനുമതിയുണ്ടെന്ന് സാങ്കേതികമായി പറയാം. എങ്കിലും ഈ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുവെന്നതും, അത് എന്ത് ആവശ്യത്തിനായി ഉപയോഗിക്കുമെന്നും, ഉപയോക്താവിനെ സ്വാധീനിക്കുവാന്‍ അതുപയോഗിക്കപ്പെടുമെന്നുള്ള  അറിവും, അത്തരം ആവശ്യങ്ങള്‍ക്കുള്ള സമ്മതവും ഇല്ല എന്നതാണ് വസ്തുത.

ഇങ്ങനെ തയ്യാറാക്കപ്പെടുന്ന മനഃശാസ്ത്രരൂപരേഖകളില്‍ ഓരോ ഉപയോക്താവിന്റെയും സ്വഭാവസവിശേഷതകള്‍, മാനസികമായ ശക്തിദൗര്‍ബല്യങ്ങള്‍, സാമൂഹിക-രാഷ്ട്രീയാഭിപ്രായങ്ങള്‍, മറ്റ് വിവരങ്ങള്‍ എന്നിവ അടങ്ങിയിരിക്കും. കേംബ്രിഡ്ജ് അനലിറ്റിക്കയുമായി കച്ചവടക്കരാറിലേര്‍പ്പെട്ടിട്ടുള്ള രാഷ്ട്രീയകക്ഷികള്‍ക്ക് വേണ്ടി ഈ മനഃശാസ്ത്രരൂപരേഖയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയപ്രചാരണം നടത്തുക. തെരെഞ്ഞെടുപ്പുകളില്‍ ആര്‍ക്ക് വോട്ട് രേഖപ്പെടുത്തണം എന്നത് പോലെയുള്ള തീരുമാനങ്ങളില്‍ ആത്മനിഷ്ഠാപരവും വൈകാരികവുമായ ഘടകങ്ങള്‍ക്ക് മുന്‍തൂക്കം കിട്ടുവാന്‍ മാത്രമേ അത്തരം പ്രചാരണരീതികള്‍ ഇടവരുത്തുകയുള്ളൂ. അധികാരം പിടിച്ചെടുക്കുവാന്‍ ഏതറ്റം വരെയും പോകാമെന്നതും, സ്വകാര്യതയുള്‍പ്പടെയുള്ള വ്യക്ത്യാവകാശങ്ങള്‍ ബഹുമാനിക്കേണ്ടതില്ലായെന്നുമുള്ള നിലപാടുകള്‍ അങ്ങേയറ്റം നൈതികവിരുദ്ധമാണ്. ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുവാനും സമൂഹത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ചയെ പിന്നോട്ടടിപ്പിക്കുവാനും മാത്രമേ ഇത്തരം വഞ്ചനാപരമായ പ്രവൃത്തികള്‍ ഇടവരുത്തുകയുള്ളൂ. വസ്തുനിഷ്ഠമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി, യുക്തിസഹമായ അവലോകനങ്ങളിലൂടെ സ്വതന്ത്രമായി രൂപപ്പെട്ട് വരുന്ന തീരുമാനങ്ങളാണ് ജനാധിപത്യത്തിന് അഭികാമ്യം. അത്തരത്തില്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ ഉതകുന്ന തരത്തിലുള്ള മാറ്റങ്ങള്‍ക്കായി ഇടപെടലുകളുണ്ടാകണം.

ജനങ്ങള്‍ക്ക് തങ്ങളുടെ തീരുമാനങ്ങളിന്മേലും, തങ്ങളെ സംബന്ധിച്ച വിവരങ്ങളിന്മേലും, തങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കപ്പെടുന്ന അധികാരത്തിന്മേലും നിയന്ത്രണം വേണം. അതിനവരെ ശാക്തീകരിക്കുവാനുതകുന്ന നിയമനിര്‍മാണങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യാതൊരുവിധ വിവരസ്വകാര്യതാനിയമങ്ങളും (data privacy laws) ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. വിവരശേഖരണത്തിനും അതുപോലെതന്നെ അവയുടെ ഉപയോഗത്തിനും നിയമപരമായ നിയന്ത്രണങ്ങള്‍ അടിയന്തരമായി കൊണ്ടുവരേണ്ടതുണ്ട്. അല്ലാത്തപക്ഷം, ബഹുരാഷ്ട്രകമ്പനികളുടെ ഇത്തരം ചൂഷണങ്ങള്‍ നിര്‍ബാധം തുടരുവാനും ജനങ്ങള്‍ ഈ നിരന്തരഭീഷണിയില്‍ ജീവിക്കുവാനും അത് ഇടവരുത്തും. ഉപയോക്താക്കളെ പറ്റിയുള്ള, ആധാര്‍ പോലെയുള്ള സ്ഥിതവിവരങ്ങള്‍ (static data) മേല്പറഞ്ഞതരം സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഇന്റെര്‍നെറ്റ് ഉപഭോഗത്തില്‍ നിന്നും ഉല്പാദിപ്പിക്കപ്പെടുന്ന ഭേദവിവരങ്ങളുമായി (dynamic data) ബന്ധിപ്പിക്കപ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. പൊതുപ്പണം വന്‍തോതില്‍ ചെലവഴിച്ച് നടത്തുന്ന അത്തരം വിവരശേഖരണം ജനങ്ങള്‍ക്കുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഇപ്പോള്‍ തന്നെ വന്‍തോതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്.

ശബ്ദമില്ലാത്തവരുടെ ശബ്ദമായും കാഴ്ചയില്ലാത്തവരുടെ കാഴ്ചയായും വര്‍ത്തിക്കേണ്ടുന്ന ഒരിടമായാണ് ഇന്റര്‍നെറ്റും അനുബന്ധസേവനങ്ങളും വികസിക്കേണ്ടത്. പൗരര്‍ക്ക്, തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിനെ സംബന്ധിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ പറയുവാനും മറ്റുള്ളവരുമായി സംവദിക്കുവാനും സൗകര്യമൊരുക്കുക വഴി സാമൂഹ്യമാധ്യമങ്ങള്‍ ജനാധിപത്യത്തെ ഒരു പുതിയതലത്തിലേക്ക് ഉയര്‍ത്തിയിരുന്നു. അത്തരം ജനാധിപത്യത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതും പൗരരെ ശാക്തീകരിക്കുന്നതുമായ അത്തരം പുരോഗമനങ്ങള്‍ക്ക്, സാമൂഹ്യമാധ്യമങ്ങളുടെ കച്ചവടവല്‍ക്കരണത്തിന് ശേഷം തുടര്‍ച്ചയില്ലാതെ പോയി. മറിച്ച്, ഫെയ്സ്‌ബുക്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത ജനങ്ങളെ മുതലെടുക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്തു.

സാങ്കേതികവിദ്യയുടെ വികാസം ലാഭേച്ഛ എന്നതൊന്നുകൊണ്ടുമാത്രം ചലിക്കപ്പെടുമ്പോള്‍ അത് അടിസ്ഥാനസാമൂഹ്യമര്യാദകളേയും സമൂഹത്തിന്റെ വിശാലതാല്പര്യങ്ങളേയും അവഗണിക്കും എന്നതിന് ഉദാത്തമായ ഉദാഹരണമാണ് ഇന്നത്തെ ഈ പ്രതിസന്ധി. കമ്പോളവല്‍കൃതമായ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യരുടെ പൊതുവായുള്ള ഗുണത്തിനല്ല, വ്യക്തികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കായിരിക്കും അത് ഉപയോഗിക്കപ്പെടുക എന്നാണ് ഇതില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

ബഹുരാഷ്ട്രകുത്തകകള്‍ ധനമൂലധനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന ഈ സാമൂഹ്യമാധ്യമവേദികള്‍ക്ക് ഒരു ജനകീയബദല്‍ ആവശ്യമാണ്. സ്വകാര്യതാപ്രശങ്ങള്‍ കൂടാതെ, സ്വതന്ത്രമായി ജനങ്ങള്‍ക്ക് ആശയങ്ങള്‍ പങ്ക് വെയ്ക്കുവാനും, സംവദിക്കുവാനും അനുവദിക്കുന്ന ഒരിടം.

Leave a Reply

Your email address will not be published. Required fields are marked *