ശക്തമായ വിവരസംരക്ഷണനിയമം നടപ്പിലാക്കണം

ലക്ഷക്കണക്കിന് ഫെയ്സ്‌ബുക്‍ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പ്രൊഫൈലിങ്ങ് നടത്തിയതിന്റെ പേരില്‍ കണ്‍സല്‍ടിങ്ങ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ഉള്‍പ്പെട്ട വിവാദത്തിന്റെ അലയൊലികള്‍ ഇന്ത്യയിലുമെത്തി. കയ്യും കണക്കുമില്ലാതെ ഉപയോക്താക്കളുടെ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിക്കുന്ന ഫെയ്സ്‌ബുക്കിനെപ്പോലെയുള്ള കമ്പനികളുടെ വാണിജ്യമാതൃകയുടെ അപായസാധ്യതകളാണ് ഇതിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ഇന്ത്യാക്കാരുടെയും വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് അടിയന്തരമായി വിവരസംരക്ഷണനിയമം നടപ്പിലാക്കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) സംസ്ഥാന പ്രസിഡന്റ് ഡോ. എ. സാബുവും ജനറൽ സെക്രട്ടറി ടി. ഗോപകുമാറും ആവശ്യപ്പെട്ടു.

ഇന്ത്യന്‍ സാഹചര്യത്തില്‍ ചില കാര്യങ്ങള്‍ പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നുണ്ട്. ശക്തമായ വിവരസംരക്ഷണ നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും അഭാവത്തിൽ ഫെയ്സ്‌ബുക്കിനെതിരെ ‘കര്‍ശന’ നടപടികള്‍ സ്വീകരിക്കുമെന്ന കേന്ദ്ര വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വാദം പൊള്ളയാണ്. വിവരസുരക്ഷാ നിയമം വിഭാവനം ചെയ്യുവാന്‍ നിയോഗിക്കപ്പെട്ട ശ്രീകൃഷ്ണാ കമ്മിറ്റി, നിലവിലെ Information Technology (Reasonable Security Practices and Sensitive Personal Data or Information) Rules, 2011ന്റെ നിര്‍വഹണസംവിധാനത്തിനെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു. ആധാര്‍ വിവരചോരണങ്ങള്‍ കൂടുതല്‍ ചോദ്യങ്ങളുയര്‍ത്തുന്നു. ആ ചോദ്യങ്ങളോന്നുംതന്നെ കൃത്യമായി അഭിസംബോധന ചെയ്യപ്പെട്ടിട്ട് പോലുമില്ല.
സ്വകാര്യത മൗലികാവകാശമല്ലായെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദമുന്നയിച്ചിട്ട് ഏതാനും മാസങ്ങളാകുന്നതേയുള്ളൂ. സമൂഹത്തിലെ ഒരു വരേണ്യവിഭാഗത്തിന്റെ മാത്രം ആശങ്കയാണ് സ്വകാര്യത എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഭാവിക്കുന്നത്.

ഗൂഗ്‌ളിനെയും ഫെയ്സ്‌ബുക്കിനെയും പോലെയുള്ള വിവരരാക്ഷസരെ ഈ ഗവണ്‍മെന്റ് ആശ്ലേഷിച്ചിരുന്നുവെന്നതും ശ്രീ. പ്രസാദ് സൗകര്യപൂര്‍വം മറക്കുകയാണ്. വോട്ടര്‍ പട്ടികയില്‍ ആളെച്ചേര്‍ക്കുന്നതില്‍ ഫെയ്സ്‌ബുക്കിനെ ഉള്‍പ്പെടുത്തിയത് ഇതിനൊരുദാഹരണമാണ്. കമ്പനികള്‍ എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കുന്നു എന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ ഒട്ടും സുതാര്യത പാലിക്കുന്നില്ല. ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങളില്‍ നിന്നും ലഭിക്കുന്ന ധാരണകള്‍ ധ്രുവീകരണപ്രചാരണങ്ങള്‍ക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ പ്രവര്‍ത്തനരീതികള്‍ പുറത്തറിയിച്ച ചാനല്‍4 വ്യക്തമാക്കിത്തരുന്നുണ്ട്. സാമൂഹ്യമാധ്യമവേദികളിലൂടെ പ്രചരിക്കന്ന വ്യാജവാര്‍ത്തകളിലൂടെ നാമിത് ദിനേന കാണുന്നുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളിയായ ഒവ്‌ലീനോ ബിസിനെസ്സ് ഇന്റെലിജെന്‍സിനെതിരെ അന്വേഷം നടത്തുകയും, അവരുമായി സഹകരിച്ച എല്ലാ കക്ഷികളും അവര്‍ക്ക് ഈ കമ്പനിയുമായുള്ള ബന്ധത്തെ പറ്റി പൊതുജനസമക്ഷം വ്യക്തമാക്കുകയും വേണം.

സ്വകാര്യ, വിവരസുരക്ഷിതത്വം, ഡിജിറ്റല്‍ അവകാശങ്ങള്‍ എന്നിവയെ സംബന്ധിച്ച ചോദ്യങ്ങളെ സമഗ്രമായി അഭിസംബോധന ചെയ്യുന്നതിനോടൊപ്പം ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ ഭീഷണിയുയര്‍ത്തുന്ന എല്ലാവരെയും പറ്റി അന്വേഷിക്കണമെന്നും സര്‍ക്കാരിനോട് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *