സമഗ്ര ‘വിവരനയം’ (Data Policy) കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കണം (പ്രമേയം)

വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗം ഭീമവിവരശേഖരങ്ങള്‍ (Big Data) സൃഷ്ടിക്കുകയും അവയുടെ വിശകലനവും അവ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങളും സാധാരണമാക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍, ഒരുവിധ നൈതികയ്ക്കും നിയന്ത്രണത്തിനും വിധേയമാകാതെ വിപല്‍ക്കരമായ ആവശ്യങ്ങള്‍ക്കും കുത്തകക്കമ്പനികളുടെ ലാഭമിരട്ടിപ്പിക്കലിനും ഒക്കെ നിലവില്‍ ഇതുപയോഗിക്കപ്പെടുകയാണ്. ഗൂഗ്‌ള്‍ പോലെയുള്ള സെര്‍ച് എഞ്ചിനുകളും, ഫെയ്സ്‌ബുക്‍ പോലെയുള്ള സാമൂഹ്യമാധ്യമങ്ങളും വ്യക്തിഗതവിവരങ്ങളും, വ്യക്തികളുടെ സ്വഭാവസവിശേഷതകളും അഭിരുചികളും വരെ അനുവാദമില്ലാതെ ചോര്‍ത്തി, സ്വകാര്യതയ്ക്ക് ഒരു ബഹുമാനവും കല്പിക്കാതെയും മേല്പറഞ്ഞതരം ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നു. അത്യന്തം ആപത്കരവും ജനാധിപത്യവിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനവുമാണിത്. ഇത് പൗരരുടെ അഭിപ്രായപ്രകടനത്തിനും ചിന്തയ്ക്കും ആഹാരത്തിനും വസ്ത്രധാരണത്തിനും സംഘടിക്കാനും പ്രതിഷേധിക്കുവാനുമെല്ലാമുള്ള അവകാശങ്ങള്‍ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലേക്കിതെത്തിച്ചേരുമെന്നത് ഇന്ന് കേവലമൊരു ഉത്കണ്ഠയല്ല. ആധാര്‍ പോലെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ വഴിയും ഇത്തരം വിവരചോരണം നടക്കുന്നു. വ്യക്തിഗതവിവരങ്ങള്‍ പൊതുവിപണിയില്‍ വിറ്റഴിക്കുന്ന സ്ഥിതി പോലും സംജാതമായത് നാം കണ്ടു. സ്വകാര്യസ്ഥാപനങ്ങളുടെ വിവരശേഖരങ്ങളൂമായി ഇവ ബന്ധപ്പെടുത്തുവാന്‍ നിര്‍ബന്ധിക്കുന്ന സ്ഥിതിയും അതീവഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, സമൂഹത്തിന്റെ പുരോഗതിക്കായി ഈ ഭീമവിവരശേകരവും വിവരവിശകലനസാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തുവാന്‍ നാം തയ്യാറായിട്ടില്ല. അതിനാല്‍, സ്വകാര്യതയുള്‍പ്പടെയുള്ള വ്യക്ത്യാവകാശങ്ങള്‍ സംരക്ഷിച്ച്, വ്യക്തിഗതവിവരചോരണം തടഞ്ഞും ഭീമവിവരശേഖരങ്ങളുടെ വികസനവും ഉപയോഗവും നിയന്ത്രിച്ചും സമൂഹത്തിന്റെ വിശാലതാല്പര്യങ്ങള്‍ അഭിസംബോധന ചെയ്തുമുള്ള ഒരു സമഗ്രവിവരനയം കൊണ്ടുവരണമെന്ന് കേന്ദ്രസംസ്ഥാനസര്‍ക്കാരുകളോട് ഈ സമ്മേളനം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *